X

മുസ്‌ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച്: ടോപ്പേഴ്സ് ഗാദറിംഗ് നവമ്പര്‍ 16ന് മലപ്പുറത്ത്

കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് സമാഹരണമായ ദോത്തി ചലഞ്ച് കാമ്പയിനില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ച വിവിധ ഘടകങ്ങളെ സംസ്ഥാന കമ്മറ്റി ആദരിക്കും. ദോത്തി ചലഞ്ചില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് ആദ്യ അഞ്ചില്‍ സ്ഥാനംപിടിച്ച വിവിധ ഘടകങ്ങളുടെ ഭാരവാഹികള്‍ ആണ് ടോപ്പേഴ്സ് ഗാദറിംഗില്‍ പങ്കെടുക്കുക. നവമ്പര്‍ 16ന് ബുധനാഴ്ച മലപ്പുറത്ത് വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുണ്ട്പറമ്പ് ബൈപ്പാസില്‍ ചന്ദ്രിക ഓഫീസിന് സമീപമുള്ള ഹോട്ടല്‍ വുഡ്‌ബൈന്‍ ഫോളിയേജില്‍ നടക്കുന്ന ചടങ്ങ് ഉച്ചതിരിഞ്ഞ് 2.30ന് ആരംഭിച്ച് വൈകീട്ട് 5മണി വരെ തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം തുടങ്ങി പ്രമുഖ നേതാക്കള്‍ സംബന്ധിക്കുമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു.

ദോത്തി ചലഞ്ചില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് ആദ്യ അഞ്ചില്‍ സ്ഥാനംനേടിയത് ജില്ലതലത്തില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറകോട്, പാലക്കാട് ജില്ലകളാണ്, മണ്ഡലം തലത്തില്‍ മലപ്പുറം, കോട്ടക്കല്‍, വേങ്ങര, തിരുരങ്ങാടി, കുറ്റ്യാടി മണ്ഡലങ്ങളും , പഞ്ചായത്ത്തലത്തില്‍ മൂന്നിയൂര്‍, എ.ആര്‍ നഗര്‍, തിരുവള്ളൂര്‍, പൂക്കോട്ടൂര്‍, വില്ല്യാപ്പള്ളി പഞ്ചായത്തുകളും, മുനിസിപ്പല്‍ കമ്മറ്റികളില്‍ മഞ്ചേരി, കോട്ടക്കല്‍, മലപ്പുറം, കൊണ്ടോട്ടി, ഫറോക്ക് മുനിസിപ്പാലിറ്റികളും, വാര്‍ഡ് / ശാഖ തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ കോരന്‍പീടിക, കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍, മലപ്പുറം ജില്ലയിലെ ഇരുമ്പുചോല, കാസറകോട് ജില്ലയിലെ മടിയന്‍ ശാഖ, മലപ്പുറം മുനിസിപ്പാലിറ്റി അധികാരിത്തൊടി ശാഖയുമാണ് ആദ്യ അഞ്ചില്‍ സ്ഥാനം നേടിയത്. പതിനായിരത്തിലധികം അംഗങ്ങളെ ചേര്‍ത്ത് മണ്ഡലം തലത്തില്‍ ആറാം സ്ഥാനത്ത് എത്തിയ കൊണ്ടോട്ടി നിയോജക മണ്ഡലം ഭാരവാഹികളും ദക്ഷിണ കേരളത്തില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ കൊല്ലക്കടവ് ശാഖ കമ്മറ്റി ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളായി ടോപ്പേഴ്സ് ഗാദറിംഗില്‍ പങ്കെടുക്കും.

ഒക്ടോബര്‍ 10ന് തുടങ്ങിയ ദോത്തി ചലഞ്ച് 31ന് രാത്രി 8മണിക്കാണ് അവസാനിച്ചത്. അവസാന നിമിഷം വരെ മത്സരബുദ്ധിയോടെ തന്നെ എല്ലാവരും ദോത്തി ചലഞ്ച് ഏറ്റെടുത്തതായി നേതാക്കള്‍ പറഞ്ഞു.

web desk 3: