കോഴിക്കോട്: കത്വ കേസിൽ മുസ് ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയ വക്കീലെവിടെ എന്ന് മന്ത്രി കെ ടി ജലീലും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും വെല്ലുവിളിച്ച് തൊട്ടുപിന്നാലെ പത്താൻ കോട്ട് പ്രത്യേക അതിവേഗ കോടതിയിൽ ഹാജരായ വക്കീലിനെ വാർത്താ സമ്മേളനത്തില്‍ അവതരിപ്പിച്ച് യൂത്ത് ലീഗ്. പെൺകുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കൂടെ നിന്നത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെൺകുട്ടിയുടെ പിതാവിൻ്റെ അഭിഭാഷകൻ അഡ്വ: മുബീൻ ഫാറൂഖി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ നിയമയുദ്ധത്തിൽ കൂടെ നിന്ന മുസ്ലിം യൂത്ത് ലീഗിനെതിരെ നടക്കുന്ന പ്രചരണങ്ങൾ വേദനാജനകമാണ്. കത്വ പെൺകുട്ടിയുടെ കുടുംബം ചുമതലപ്പെടുത്തിയ അഭിഭാഷകൻ എന്ന നിലയിൽ കേസിൻ്റെ ഭാവിയെ കരുതി കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പത്താൻകോട്ട് കോടതിയിൽ പ്രതികൾക്കു വേണ്ടി വലിയ സന്നാഹങ്ങളൊരുങ്ങിയിരുന്നു. അപ്പോഴാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സഹായത്തിനെത്തിയത്.മുതിർന്ന അഭിഭാഷകരായ കെ കെ പുരി, ഹർഭജൻ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബത്തെ സഹായിക്കാൻ യൂത്ത് ലീഗ് ഫീസ് നൽകി ചുമതലപ്പെടുത്തിയ അഭിഭാഷക സംഘം വലിയ പങ്കാണ് വഹിച്ചത്. കേസ് വിധി വന്നതിനെ തുടർന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനും അഡ്വ: മൻവീന്ദർ സിംഗിനെ യൂത്ത് ലീഗ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയിൽ ഇനിയും കൂടുതൽ അഭിഭാഷകരുടെ സേവനം ആവശ്യമാണെങ്കിൽ അതും നൽകാനുള്ള സന്നദ്ധതയും യൂത്ത് ലീഗ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവിന് യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ കൈമാറിയത് തൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു. അഭ്യുദയ കാംക്ഷികൾ അയച്ചുകൊടുത്ത തുക അടങ്ങുന്ന അദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ട് പോലും മരവിപ്പിച്ച സാഹചര്യത്തിൽ യൂത്ത് ലീഗ് നൽകിയ സഹായം കുടുംബത്തിന് നൽകിയ ആശ്വാസം വലുതായിരുന്നു. കത്വ സംഭവം ലോക ശ്രദ്ധയിലെത്തിച്ച താലിബ് ഹുസൈൻ മുഖേനയാണ് യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം തന്നെ തേടിയെത്തിയത്. അന്നു മുതൽ ഇന്നുവരെ ഈ കേസുമായി മുന്നോട്ട് പോയതിൻ്റെ പേരിൽ വലിയ ഭീഷണികൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.കേസുമായി സഹകരിച്ച താലിബ് ഹുസൈൻ, ദീപിക സിംഗ് ര ജാവത്, ഷഹല റാഷിദ് എന്നിവർക്കും തനിക്കും നേരിടേണ്ടി വന്ന ദുരനുഭവത്തിൻ്റെ തുടർച്ചയാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും നേരിടേണ്ടി വരുന്നത്.ഈ കേസിൽ മുന്നോട്ട് പോകാനുള്ള ധൈര്യം നൽകിയത് മുസ്ലിം യൂത്ത്ലീഗാണ്. അവസാന നിമിഷം വരെ കൂടെ നിൽക്കും എന്ന യൂത്ത് ലീഗിൻ്റെ ഉറപ്പ് പെൺകുട്ടിയുടെ കുടുംബത്തിനും നൽകിയ പിന്തുണ വിലമതിക്കാനാനാവാത്തതാണെന് അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ, വൈസ് പ്രസിഡണ്ട് അഡ്വ.വി കെ ഫൈസൽ ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു മീരാൻ, മുഹമ്മദലി ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കത്വ കേസിൽ യൂത്ത് ലീഗ് ഏർപ്പെടുത്തിയ വക്കീലെവിടെ എന്ന് ഡി വൈ എഫ് ഐ വെല്ലുവിളിച്ച് മണിക്കൂറുകൾക്കകം വക്കീലിനെ നേരിട്ടെത്തിച്ച് യൂത്ത് ലീഗ് കേസിൽ വഹിച്ച നിർണായക പങ്ക് കേരളത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഓരോ ദിവസവും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പിന്തുടരുന്ന കേസാണിത്.കത്വ കേസ് മാത്രമല്ല ജുനൈദ്, അലീമുദ്ദീൻ അൻസാരി, മുഹമ്മദ് ഉമർ ഖാൻ, തബ് റേസ് അൻസാരി, മുഹമ്മദ് കാസിം തുടങ്ങി ഫാസിസ്റ്റ് വാഴ്ചയുടെ കാലത്ത് ഇരകളാക്കപ്പെട്ട എല്ലാ മനുഷ്യരോടൊപ്പം യൂത്ത് ലീഗ് നിലയുറപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു ഇടപെടലിൻ്റെയെങ്കിലും ഉദാഹരണം ചൂണ്ടിക്കാണിക്കാൻ ഡി വൈ എഫ് ഐ ദേശീയ കമ്മിറ്റിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.