മലപ്പുറം: സംസ്ഥാനത്ത് ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി മുസ്‌ലിംലീഗിന് യാതൊരു ബന്ധവുമില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇന്നത്തെ ഹര്‍ത്താലിന് മുസ്‌ലിംലീഗിന്റെ പിന്തുണയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായും സമാധാനപരമായും പ്രതിഷേധിച്ചപ്പോള്‍ മുസ്‌ലിംലീഗും മുന്നില്‍ തന്നെ നിന്നു. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച രണ്ടു മന്ത്രിമാര്‍ രാജിവെച്ചതും സുപ്രീംകോടതി ശക്തമായി ഇടപ്പെട്ടതും ജനകീയ മുന്നേറ്റങ്ങളുടെ ഫലമാണ്. സംസ്ഥാന വ്യാപകമായി മുസ്‌ലിംലീഗ് നടത്തിയ പ്രതിഷേധങ്ങളും ശ്രദ്ധേയമായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കുന്നതിന് നിയമ സഹായമുള്‍പ്പെടെ അവസാനനിമിഷം വരെ മുസ്‌ലിംലീഗ് ഒപ്പമുണ്ടാകും. ജമ്മുവിന് പുറത്ത് വിചാരണ നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന് സുപ്രീംകോടതിയില്‍ പോവുന്ന കാര്യവും ആലോചനയിലുണ്ട്. സോഷ്യല്‍മീഡിയ വഴി ഹര്‍ത്താലിനു ആഹ്വാനം ചെയ്തത് സംഘടിതമായും സമാധാനപരവും ഒറ്റക്കെട്ടായതുമായ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള നീക്കമാണ്. സമാധാനപരമായ സമരങ്ങളിലൂടെയും നിയമപോരാട്ടങ്ങളിലൂടെയും ആസിഫക്കു നീതി ലഭ്യമാക്കാന്‍ മുസ്‌ലിംലീഗ് മുന്നില്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Be the first to write a comment.