മൂന്നാര്‍: മൂന്നാര്‍ രാജമലയില്‍ വാഹനത്തില്‍ നിന്നും തെറിച്ചു വീണ പത്തുമാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡില്‍ നിന്നും ചെക്‌പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയ കുഞ്ഞിനെ വനപാലകര്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പൊലീസിനു കൈമാറി. ഞായറാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. കമ്പിളികണ്ടം സ്വദേശികളായ സതീഷ് സത്യഭാമ എന്നിവരുടെതാണ് കുഞ്ഞ്. ഇന്നലെ രാവിലെ പഴനിയില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങി വരുംവഴി രാത്രിയിലായിരുന്നു അപകടമുണ്ടായത്. 40 കിലോമീറ്ററോളം പിന്നിട്ട ശേഷമാണ് വാഹനത്തില്‍ കുഞ്ഞില്ലെന്ന കാര്യം മാതാപിതാക്കള്‍ തിരിച്ചറിയുന്നതെന്നാണ് പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി.