ലക്‌നോ: മുസഫര്‍നഗര്‍ കലാപത്തിന് പ്രേരണയായ വിവാദ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന് ക്ലീന്‍ ചിറ്റ്.

അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി പ്രത്യേക അന്വേഷണ സം ഘം (എസ്. െഎ.ടി) കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ആസ്ഥാനത്തുനിന്ന് ഇതുസംബന്ധിച്ച് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ഒന്നും നല്‍കിയില്ലെന്നും അതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ടി ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കിയത്. യാതൊരു തെളിവും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ധരംപാല്‍ ത്യാഗി പറഞ്ഞു. രണ്ട് യുവാക്കളെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഫേസ്ബുക്ക് വഴി പ്രചരിച്ചത്. മീററ്റിലെ സര്‍ദാനയില്‍നിന്ന് ബി.ജെ.പി എം. എല്‍. എ സംഗീത് സോമിന്റെ ഔദ്യോ ഗിക ഫെസ്ബുക്ക് പേജ് വഴിയാണ് വീഡിയോ പ്രചരിച്ചതെന്ന് ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സംഗീത് സോമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുസഫര്‍ നഗറില്‍ സച്ചിന്‍, ഗൗരവ് എന്നീ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനു ശേഷമായിരുന്നു, ഇരുവരേയും കൊലപ്പെടുത്തുന്ന ദൃശ്യങ്ങളെന്ന വ്യാജേന വീഡിയോ പ്രചരിപ്പിച്ചത്.
എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീഡിയോ രണ്ടു വര്‍ഷം മുമ്പു തന്നെ യൂട്യൂബില്‍ ശിവകുമാര്‍ എന്നയാള്‍ അപ് ലോഡ് ചെയ്തിരുന്നതാണെന്നും ഇന്ത്യയിലല്ല ഇത് ഷൂട്ട് ചെയ്തതെന്നും കണ്ടെത്തിയിരുന്നു. മുസഫര്‍നഗര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംഗീത് സോം വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയും കലാപത്തിന് വഴിയൊരുങ്ങുകയുമായിരുന്നു.