ബാംഗ്ലൂര്‍: ലോഗോയിലെ ദ്വയാര്‍ത്ഥം സൂചിപ്പിക്കുന്ന ചിഹ്നം ചൂണ്ടിക്കാട്ടി പരാതി നല്‍കിയതോടെ ലോഗോയില്‍ മാറ്റം വരുത്തി ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ മിന്ത്ര. മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്ന വിധമാണെന്ന് ചൂണ്ടിക്കാണിച്ച് മുംബൈ സ്വദേശിനിയും സാമൂഹ്യ പ്രവര്‍ത്തകയുമായ നാസ് പട്ടേല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനി ലോഗോ മാറ്റാന്‍ തയ്യാറായത്. കഴിഞ്ഞ ഡിസംബറിലാണ് മിന്ത്രക്കെതിരെ നാസ് പട്ടേല്‍ പരാതി സമര്‍പ്പിച്ചത്.

മുംബൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് മിന്ത്രക്ക് മെയില്‍ അയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ലോഗോ മാറ്റുന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് സൈബര്‍ ക്രൈം വിഭാഗം ഡി.സി.പി രശ്മി കരന്‍ദിക്കര്‍ പറഞ്ഞു.

ഒരു മാസത്തെ സമയത്തിനുള്ളില്‍ മിന്ത്ര പുതിയ ലോഗോയിലേക്ക് മാറും. മിന്ത്രയുടെ വെബ്‌സൈറ്റിലും, ആപ്ലിക്കേഷനിലുമടക്കം പുതിയ ലോഗോ ആയിരിക്കും ഇനി ഉണ്ടാവുക. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയകതായി കമ്പനി അറിയിച്ചു.