ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദ് എവിടെയെന്ന് സോഷ്യല്‍മീഡിയയും. കഴിഞ്ഞ അഞ്ചു ദിവസമായി ജെഎന്‍യുവില്‍ നിന്നും വിദ്യാര്‍ത്ഥിയായിരുന്നു നജീബിനെ കാണാതായിട്ട്. ദിവസങ്ങള്‍ പിന്നിട്ടിട്ടും നജീബിനെക്കുറിച്ച് വ്യക്തമായ അറിവില്ലാത്ത സാഹചര്യത്തിലാണ് #WhereisNajeeb ഹാഷ് ടാഗില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്.ട്വിറ്ററിലും ഫേസ്ബുക്കിലും ഹാഷ്ടാഗില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

ശനിയാഴ്ച്ച രാവിലെ മുതലാണ് ക്യാമ്പസ്സില്‍ നിന്ന് നജീബിനെ കാണാതാവുന്നത്. വെള്ളിയാഴ്ച്ച ഹോസ്റ്റലില്‍ എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ തല്ലിച്ചതച്ചിരുന്നു. സംഘമായെത്തിയുള്ള അവരുടെ ആക്രമണം ഹോസ്റ്റല്‍ അധികൃതരുടേയും വിദ്യാര്‍ത്ഥികളുടേയും മുന്നില്‍വെച്ചുകൊണ്ടായിരുന്നു. നജീബിനെ വകവരുത്തുമെന്ന് പറഞ്ഞാണ് പിന്നീട് എബിവിപിക്കാര്‍ പോയത്. വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടുത്തിയ നജീബിനെ ആ രാത്രിമുതല്‍ ആരും കണ്ടിട്ടില്ല. നജീബിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി അധികൃതര്‍ കാര്യക്ഷമമായി അന്വേഷിച്ചില്ല. നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും ക്യാമ്പസ്സില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ തിരോധാനത്തില്‍ പങ്കില്ലെന്നാണ് എബിവിപി പറയുന്നത്.

സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥിയെ കാണാതായിട്ട് അഞ്ചുദിവസത്തിലപ്പുറമായിട്ടും സര്‍വ്വകലാശാല അധികൃതര്‍ അന്വേഷിച്ച് കണ്ടെത്തുന്നതിനോ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെയോ നടപടികളെടുക്കുന്നതിന് തയ്യാറായിട്ടില്ല. ഇതിന് സോഷ്യല്‍മീഡിയയിലടക്കം വന്‍പ്രതിഷേധമാണ് ഉയരുന്നത്. ‘വേര്‍ ഈസ് നജീബ്’ ഹാഷ് ടാഗില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.