അഹമ്മദാബാദ്: കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിനു ശേഷം മൂന്നു ദിവസങ്ങളില്‍ അഞ്ഞൂറ് കോടി രൂപയുടെ നിക്ഷേപം ബാങ്കില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് റെയ്ഡ്. ബാങ്കിന് 190 ശാഖകളുണ്ടെങ്കിലും ഹെഡ്ക്വാര്‍ട്ടേഴ്‌സ് ശാഖയാണ് സംശയത്തിന്റെ നിഴലിലുള്ളത്. ആര്‍ബിഐ നിര്‍ദേശത്തെത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് ഗുജറാത്തിലെ സഹകരണ ബാങ്കുകളില്‍ അന്വേഷണം നടത്തുന്നത്. ബാങ്കിലെ സിസിടിവി രേഖകളും നിരവധി രേഖകളും പരിശോധിച്ചുവരികയാണ്. ബാങ്കിന്റെ നിക്ഷേപകരില്‍ 85 ശതമാനം കര്‍ഷകരും ചെറുകിട വ്യാപാരികളും ക്ഷീരകര്‍ഷകരുമാണെങ്കിലും ഇത്രയും ഭീമമായ തുക നിക്ഷേപിച്ചതില്‍ ദുരൂഹതയാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നത്. ഗുജറാത്ത് മന്ത്രിയായ ശങ്കര്‍ഭായ് ചൗധരി ചെയര്‍മാനായ ബനസ്‌കന്ത ജില്ലാ സഹകരണ ബാങ്കില്‍ 200 കോടി രൂപയുടെ അസാധു നോട്ട് എത്തിയതായാണ് വിവരം.