ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട പട്ടിക പുറത്തിറക്കിയെങ്കിലും പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ ജനങ്ങള്‍ക്കിടയില്‍ ഏശുന്നില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. കഴിഞ്ഞ ആഴ്ച കര്‍ണാടകയിലെത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി രാം മാധവ് സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഇക്കാര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയത്തിനു പിന്നില്‍ ചുക്കാന്‍ പിടിച്ചത് രാംമാധവാണെന്നാണ് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നത്.

ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ബി.എസ് യെദ്യൂരപ്പ എന്നിവര്‍ സംസ്ഥാനത്ത് നടത്തിയ പ്രചാരണങ്ങള്‍ക്ക് ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി മോദിയെ ഇറക്കി തരംഗം സൃഷ്ടിക്കണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന് രാംമാധവ് നല്‍കിയ റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു മാസമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാമ്പയ്ന്‍ വേണ്ട രീതിയില്‍ വിജയിച്ചതായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ 28 ജില്ലകളില്‍ നടത്തിയ പര്യടനത്തിന് വന്‍ ജനാവലി തടിച്ചു കൂടിയതും ബി.ജെ.പി നേതൃത്വം ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ദിനേന എന്നോണം യെദ്യൂരപ്പക്കും ഷായ്ക്കുമെതിരെ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കാവാത്തതും ലിംഗായത്ത് വിഭാഗം പരസ്യമായി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതും ബി.ജെ.പിക്ക് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ബി.ജെ.പിയുടെ പ്രചാരണം തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്. കോണ്‍ഗ്രസ് ഉണ്ടാക്കുന്ന അജണ്ടകള്‍ക്കു പിന്നാലെ പോവുകയാണ് സംസ്ഥാനത്ത് ബി.ജെ.പിയെന്ന് പ്രചാരണത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് വ്യക്തമാക്കി. മോദിയെ പങ്കെടുപ്പിച്ച് ചുരുങ്ങിയത് 15 പൊതുയോഗങ്ങളെങ്കിലും നടത്തണമെന്നാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം ആവശ്യപ്പെടുന്നത്. ഗുജറാത്തില്‍ ഉറപ്പായ പരാജയം മോദിയിലൂടെയാണ് ഒഴിവാക്കാനായത്. മോദി തരംഗത്തിലൂടെ കോണ്‍ഗ്രസിനൊപ്പമെത്താനാവുമെന്നും സംസ്ഥാന നേതാക്കള്‍ പറയുന്നു. അഴിമതി, മഹാദായി നദീജല തര്‍ക്കം, ലിംഗായത്തുകളുടെ ന്യൂനപക്ഷ പദവി തുടങ്ങിയ വിഷയങ്ങള്‍ യെദ്യൂരപ്പക്കു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹമല്ലാതെ ജനങ്ങളെ ഇളക്കാന്‍ കഴിയുന്ന മറ്റു നേതാക്കളില്ലെന്നത് ബി.ജെ.പി നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നു.