അഹമ്മദാബാദ്: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നതന്യാഹുവിനെ ചര്‍ക്കയില്‍ നൂല് കോര്‍ക്കാന്‍ പഠിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നതന്യാഹു ഇന്നലെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചപ്പോഴായിരുന്നു മോദിയുടെ ക്ലാസ്. നതന്യാഹു ചര്‍ക്ക തിരിക്കുമ്പോള്‍ ഭാര്യ സാറ സമീപത്തിരുന്ന് ഇതിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു. സമീപത്തുനിന്നുകൊണ്ട് മോദി ഇരുവര്‍ക്കും ചര്‍ക്കയുടെ പ്രവര്‍ത്തനം വിശദീകരിച്ചുകൊടുത്തു. തുടര്‍ന്ന് ആശ്രമത്തിലെ പുല്‍തകിടിയില്‍ നടക്കാന്‍ ക്ഷണിച്ച മോദി, ഇവിടെവെച്ച് നതന്യാഹുവിനും ഭാര്യ സാറക്കും പട്ടം പറത്തുന്നത് എങ്ങനെയെന്നും കാണിച്ചു കൊടുത്തു. ഇന്നലെ കാലത്ത് അഹമ്മദാബാദില്‍ എത്തിയ നതന്യാഹു മോദിക്കൊപ്പം റോഡ് ഷോ ആയാണ് സബര്‍മതി ആശ്രമത്തിലേക്ക് തിരിച്ചത്.