ന്യൂഡല്‍ഹി: ലൈംഗീക പീഡനക്കേസുകളില്‍ കുറ്റക്കാര്‍ സ്ത്രീകളാണെങ്കില്‍ അവര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. നിയമത്തില്‍ മാറ്റം വരുത്താനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന വിശദീകരണത്തോടെയാണ് ഇതുസംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ, ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പരിമിതി ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഋഷി മല്‍ഹോത്രയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 375 ബി വകുപ്പ് പ്രകാരം സ്ത്രീകള്‍ക്കെതിരെ എന്തുകൊണ്ട് ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു കൂടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ചോദ്യം. നിയമത്തില്‍ കുറ്റക്കാരെ പരാമര്‍ശിക്കുന്നിടത്ത് പുരുഷന്‍ എന്നതിനു പകരം ആരാണോ അവര്‍ എന്നാക്കി മാറ്റിക്കൂടേയെന്നും ഹര്‍ജിക്കാരന്‍ ചോദിച്ചു. ബലാത്സംഗക്കേസുകളില്‍ എല്ലാ സാഹചര്യത്തിലും പ്രതിസ്ഥാനത്ത് വരുന്നത് പുരുഷന്മാരല്ല.

സ്ത്രീകളുമുണ്ട്. സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്ന കേസുകളില്‍ പോലും സ്ത്രീകള്‍ പ്രതിസ്ഥാനത്ത് വരാറുണ്ട്. എന്നാല്‍ 375 ബി വകുപ്പ് പ്രകാരം പുരുഷനെതിരെ മാത്രമാണ് ബലാത്സംഗക്കുറ്റം ചുമത്താന്‍ വകുപ്പുള്ളത്. ഇത് നിയമത്തിലെ പോരായ്മയാണ്. കുറ്റകൃത്യത്തിലെ പങ്ക് കണക്കിലെടുത്ത് പുരുഷനെയും സ്ത്രീയേയും ഒരുപോലെ പ്രതിയാക്കാന്‍ കഴിയുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം അനിവാര്യമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
മാറിയ സാമൂഹിക സാഹചര്യങ്ങള്‍ ഉള്‍കൊണ്ട്, കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന അഭിപ്രായങ്ങളെ നിങ്ങളും പിന്തുണക്കുന്നുണ്ടോ എന്ന മറുചോദ്യത്തോടെയാണ് കോടതി ഇതിന് മറുപടി നല്‍കിയത്.

സ്ത്രീ പുരുഷനേയും ബലാത്സംഗം ചെയ്‌തേക്കാമെന്നാണ് താങ്കള്‍ പറയുന്നത്. നിയമം മാറ്റത്തിനു വേണ്ടി തുറക്കപ്പെടണം. പാര്‍ലമെന്റ് അത് പരിശോധിക്കണം- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ബലാത്സംഗക്കുറ്റം പോലുള്ള വകുപ്പുകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സ്ത്രീകളുടെ സുരക്ഷക്കു വേണ്ടിയാണ്. സ്ത്രീകളെ കുറ്റക്കാരാക്കാന്‍ വേണ്ടിയല്ല. ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെതിരെ ബലാത്സംഗം ആരോപിച്ച് പരാതി നല്‍കിയത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന് വകുപ്പ് വേറെയുണ്ട്- ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഐ.പി.സി 375 ബി വകുപ്പ് ആര്‍ട്ടിക്കിള്‍ 15 പ്രകാരം ഭരണഘടന ഉറപ്പു നല്‍കുന്ന സ്ത്രീ പുരുഷ സമത്വമെന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.
എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വിവേചനം തടയണമെന്ന് ആര്‍ട്ടിക്കിള്‍ 15ല്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.