അനധികൃത സ്വത്തുക്കള്‍ സമ്പാദന കേസില്‍ കുറ്റവാളിയാണെന്ന് കോടതി വിധി പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജിയിലെത്തിയിരിക്കുകയാണ്. പാക് രാഷ്ട്രീയത്തെ പിടിച്ചുലച്ചതും പ്രധാനമന്ത്രി നവാസ് ശരീഫിന്റെ തല്‍സ്ഥാനം നഷ്ടപ്പെടുത്തിയതും പനാമ പേപ്പര്‍ കേസാണ്.

വിദേശത്ത് ശരീഫും കുടുംബവും വന്‍ തോതില്‍ അനധികൃത സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നായിരുന്നു പനാമ രേഖകളിലൂടെ പുറത്തുവന്നത്. ഇത് ശരിയാണെന്നു കണ്ടെത്തിയ കോടതി നവാസ് ശരീഫിന്റെ പാര്‍ലമെന്റ് അംഗത്വം അടിയന്തരമായി റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

പനാമ ആസ്ഥാനമായി കള്ളപ്പണം നിക്ഷേപിക്കാന്‍ വന്‍കിട വ്യവസായികള്‍ക്കും സമ്പന്നര്‍ക്കും സൗകര്യം ഒരുക്കിക്കൊടുക്കുന്ന പനാമന്‍ നിയമകമ്പനി മൊസ്സാക് ഫൊണ്‍സേകയുടെ രേഖകളാണ് പനാമ രേഖകള്‍ എന്നറിയപ്പെടുന്നത്. 2016ലാണ് ഇവരുടെ 40 വര്‍ഷത്തെ രേഖകള്‍ ചോര്‍ന്നത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസം എന്ന അമേരിക്കയിലെ സന്നദ്ധ സംഘടനയാണ് രേഖകള്‍ പുറത്തുവിട്ടത്. ഇത് 11.5 ദശലക്ഷം രേഖകള്‍ വരും.

പനാമ രേഖകളിലെ ഇന്ത്യയ്ക്കാര്‍

പനാമ രേഖകളില്‍ അഞ്ഞൂറിലധികം ഇന്ത്യക്കാരുടെ പേരുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അമിതാഭ് ബച്ചന്‍, ഐശ്വര്യറായ്, ഡി.എല്‍.എഫ് ഉടമ കെ.പി സിങ്, ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, പശ്ചിമബംഗാളില്‍ നിന്നുള്ള രാഷ്ട്രീയ നേതാവ് ശിശിര്‍ ബജോരിയ, ലോക്‌സത്ത പാര്‍ട്ടിയുടെ മുന്‍ ഡല്‍ഹി നേതാവ് അനുരാഗ് കെജ്‌രിവാള്‍, മുംബൈയിലെ അധോലോക നായകന്‍ ഇഖ്ബാല്‍ മിര്‍ച്ചി തുടങ്ങിയവരുടെ പേരുകളാണ് ഇന്ത്യയില്‍ നിന്നുള്ളത്.