ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. നേരത്തെ ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായിരുന്ന ബഞ്ച് പരിഗണിച്ച കേസ് ആഗസ്ത് 31ന് സുപ്രീം കോടതിയുടെ പുതിയ ബഞ്ചാണ് പരിഗണിക്കുക. ജസ്റ്റിസുമാരായ യുയു ലളിത്, വിനീത് സരണ്‍ എന്നിവരുടെതാണ് പുതിയ ബഞ്ച്.

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകള്‍ വിശദമായി പരിശോധിക്കാതെയാണെന്ന് സിബിഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളിലെ വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് കാരണമായത്. കേസന്വേഷിച്ച സിബിഐയുടെ ആരോപണങ്ങള്‍ തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടര്‍ന്നാണ് സിബിഐ സുപ്രിം കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരിരങ്ക അയ്യരും, ആര്‍ ശിവദാസനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കസ്തൂരിരങ്ക അയ്യര്‍ ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജികളില്‍ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രിം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.