വിവാദങ്ങളുടെ താളുകളുമായി
‘ചാരവൃത്തിയുടെ ഇതിഹാസം’

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധത്തിന്റെ ഉള്ളുകള്ളികളും രഹസ്യങ്ങളും സംഭവകഥകളും പങ്കുവയ്ക്കുകയാണ് ‘ചാരവൃത്തിയുടെ ഇതിഹാസം’ (The Spy Chronicles: RAW, ISI and the Illusion of Peace) എന്ന പുസ്തകം. സര്‍ക്കാരിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതര്‍ക്കു മാത്രം അറിയാവുന്ന രഹസ്യവിവരങ്ങളാണ് പുസ്തകത്തില്‍ . റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ)യുടെ മുന്‍ സെക്രട്ടറി അമര്‍ജിത് സിങ് ദുലത്, പാക്ക് ചാരസംഘടന ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) മുന്‍ മേധാവി ലഫ്. ജനറല്‍ അസദ് ദുറാനി എന്നിവരുടെ സംഭാഷണങ്ങളാണ് ഈ പുസ്തകത്തില്‍. റോ, ഐഎസ്‌ഐ മേധാവിമാര്‍ സംയുക്തമായി പുറത്തിറക്കുന്ന അപൂര്‍വ പുസ്തകം ഇതിനകം തന്നെ ചര്‍ച്ചയായിരിക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ സിന്‍ഹയാണ് പുസ്തരം തയ്യാറാക്കിയിരിക്കുന്നത്. പാക്ക് ചാരസംഘടന ഐഎസ്‌ഐയുടെ മുന്‍ മേധാവിയുടെ മകന്‍ മൂന്നുവര്‍ഷം മുമ്പ് കൊച്ചിയില്‍ ജോലി ചെയ്തിരുന്നുവെന്നും വീസാ ചട്ടം ലംഘിച്ച അയാളെ ഇന്ത്യയുടെ വിദേശ ഇന്റലിജന്‍സ് ഏജന്‍സി റോ ഒരു പോറല്‍ പോലുമേല്‍ക്കാതെ സ്വരാജ്യത്തേക്കു മടക്കിഅയച്ചതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 2015 ല്‍ മുംബൈയില്‍ അറസ്റ്റിലായ ഉസ്മാന് സുരക്ഷിതമായി പാക്കിസ്താനില്‍ മടങ്ങിയെത്താന്‍ വഴിയൊരുക്കിയത് റോ തന്നെ. 2015 മെയ് മാസത്തില്‍ ഒരു ജര്‍മന്‍ കമ്പനിയില്‍ ‘ജോലിക്കായി’ ഉസ്മാന്‍ ദുറാനി കൊച്ചിയിലെത്തി. അധികം കഴിയുംമുമ്പ് ഉസ്മാനെ രാജ്യത്തുനിന്നും ‘എക്‌സിറ്റ്’ അടിച്ചു. വന്നവഴി തിരിച്ചു പോകണമെന്നാണു വീസാ ചട്ടം. പക്ഷേ അദ്ദേഹത്തിന്റെ കമ്പനി ടിക്കറ്റ് ബുക്ക് ചെയ്തത് മുംബൈ വഴിക്കുള്ള വിമാനത്തില്‍. മുംബൈയിലെത്തിയ ഉസ്മാനെ വിമാനത്താവള അധികൃതര്‍ പിടിച്ചുവച്ചു. വിവരമറിഞ്ഞ അസദ് ദുറാനി പരിഭ്രമത്തിലായി. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മുന്‍ ഐഎസ്‌ഐ മേധാവിയുടെ മകന്‍ അതേ നഗരത്തില്‍ എത്തിയാലുള്ള അവസ്ഥയോര്‍ത്ത് അസദ് ഭയപ്പെട്ടു.
മുംബൈ സ്‌പെഷല്‍ ബ്രാഞ്ച് ഉസ്മാനെ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ ഒരുങ്ങി. ഈ സമയം അമര്‍ജിത് സിങ് ദുലത്തിനെ തേടി അസദിന്റെ വിളിയെത്തി. മകനെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചു. ‘നിങ്ങള്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കുക, ദൈവത്തില്‍ എനിക്കും വിശ്വാസമുണ്ട്. എല്ലാം ശരിയാവും’ അസദിനോടു ദുലത് പറഞ്ഞു. അന്നത്തെ റോ മേധാവി രജീന്ദര്‍ ഖന്ന ഉള്‍പ്പെടെ ഒരുപാടു പേരെ ദുലത്തും വിളിച്ചു. 24 മണിക്കൂറിനകം കാര്യങ്ങള്‍ മാറിമറിഞ്ഞു. ഒരു ദിവസത്തെ കസ്റ്റഡി വാസം. ഇന്ത്യയുടെ തടവറയില്‍ കഴിയേണ്ടിയിരുന്ന ഉസ്മാന്‍ ജര്‍മനിയിലേക്കു പറന്നു. അവിടെനിന്നു പാക്കിസ്താനിലേക്ക്. അങ്ങനെ ധാരാളം രഹസ്യങ്ങളും കൗതുകങ്ങളും നിറച്ചുവെച്ച പുസ്തകമാണ് ‘ചാരവൃത്തിയുടെ ഇതിഹാസം’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ ആയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പാക്കിസ്ഥാന്‍ കാണുന്നത്. 2005 വരെ ഇന്ത്യയുടെ ചാരസംഘടനകളില്‍ അംഗമായിരുന്നു ഡോവല്‍. രാജ്യത്തിന്റെ നയങ്ങളില്‍ മാറ്റം വരുത്താന്‍ ഡോവലിന് സാധിച്ചിട്ടില്ല. എന്നാല്‍ ഉരുക്കുമുഷ്ടിയോടെയാണു ഭരണമെന്ന് അസദ് ദുറാനി പറയുന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ് ഐഎസ്‌ഐയുടെ സൃഷ്ടിയാണെന്നും കശ്മീരില്‍ പാക്കിസ്താന് വലിയ കയ്യബദ്ധം പറ്റിയെന്നും അസദ് ദുറാനി പറയുന്നു. ആദ്യമായാണ് പാക്കിസ്താന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ കുറ്റസമ്മതമുണ്ടാകുന്നത്. അസദിന്റെ കാലത്ത് വിഘടനവാദികളുടെ നേതൃത്വത്തില്‍ വലിയ തോതിലുള്ള ആക്രമണങ്ങളാണു കശ്മീരിലുണ്ടായത്. അവരവരുടെ മാതൃരാജ്യത്തുവെച്ച് പരസ്പരം കണ്ടുമുട്ടാതെയാണ് രചയിതാക്കള്‍ പുസ്തകത്തിനായി സംഭാഷണം നടത്തിയത്. 1.7 ലക്ഷം വാക്കുകളുള്ള പുസ്തകത്തിലേക്കായി ഇരുവരും ഇസ്തംബുള്‍, ബാങ്കോക്ക്, കാഠ്മണ്ഡു എന്നിവിടങ്ങളിലായിരുന്നു കൂടിക്കാഴ്ചകള്‍ നടത്തിയത്. രണ്ടു സുപ്രധാന രാജ്യങ്ങളുടെ ചാരത്തലവന്മാരുടെ കണ്ണുകളിലൂടെ മേഖലയിലെ രാഷ്ട്രീയത്തിലേക്കുള്ള എത്തിനോട്ടമാണ് ഉദ്ദേശിക്കുന്നതെന്ന് പുസ്തകം തയാറാക്കിയ ആദിത്യ സിന്‍ഹ പറഞ്ഞു. മുംബൈ ഭീകരാക്രമണം, കുല്‍ഭൂഷണ്‍ ജാദവ്, പഠാന്‍കോട്ട് ആക്രമണം നിരവധി വിഷയങ്ങള്‍ പരാമര്‍ശിക്കുന്നത്.