മധുര: തെങ്കാശിയില്‍ നവജാത ശിശുവിനെ ചുട്ടുകൊന്നു. തെങ്കാശിയിലെ ശങ്കരന്‍ കോവിലിലാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ പാതി കത്തിയ ശരീരം പ്രദേശവാസികളാണ് കണ്ടെത്തിയത്.

പുലര്‍ച്ചെ നാല് മണിക്ക് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ആളുകളാണ് തീ ആളി കത്തുന്നത് കണ്ടത്. തുടര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് നായയുമായി എത്തി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരം വെളിച്ചത്താകുന്നത്.

സംഭവ സ്ഥലത്തു നിന്നും 300 മീറ്റര്‍ അകലെയുള്ള 22 കാരിയുടെ വീട്ടിലേക്കാണ് പോലീസ് നായ ഓടിയത്. കുഞ്ഞ് മരണപ്പെട്ടതിനെത്തുടര്‍ന്നാണ് അഗ്‌നിക്കിരയാക്കിയത് എന്നായിരുന്നു പോലീസ് കരുതിയിരുന്നത്. ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പോലീസ് പറയുന്നത് ഇങ്ങനെ, ശങ്കര ഗോമതി എന്ന യുവതിയും ശങ്കര്‍ എന്ന യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായി. ബുധനാഴ്ച രണ്ടുമണിയോടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് മുത്തശ്ശി ഇന്ദിര കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് സമീപത്തെ സിനിമാ തിയേറ്ററിനടുത്ത് എത്തുകയും കൃത്യം നിര്‍വ്വഹിക്കുകയുമായിരുന്നു. പ്രസവത്തെത്തുടര്‍ന്ന് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ദിരയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.