ക്വാലലംപൂര്‍: നാല് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മഡഗാസ്‌കര്‍ ദ്വീപിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികളാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനമായ എം.എച്ച് 370യുടേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ അഞ്ചു ഭാഗങ്ങളാണു കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങള്‍ കൃത്യമായി വായിക്കാവുന്ന വിധത്തിലാണ്.

വിമാനത്തോടൊപ്പം കാണാതായവരുടെ ബന്ധുക്കളാണ് ഈ അവശിഷ്ടങ്ങള്‍ ശേഖരിച്ച് മലേഷ്യന്‍ സര്‍ക്കാരിനു കൈമാറിയത്. ലഭിച്ച അവശിഷ്ടങ്ങളിലൊന്ന് ബോയിങ് വിമാനത്തിന്റെ ‘ഫ്‌ലോര്‍ പാനലാ’ണെന്നു വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് എം.എച്ച് 370 വിമാനത്തിന്റേതാണോയെന്നറിയാന്‍ കൂടുതല്‍ പരിശോധന വേണ്ടിവരും.

2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം അപ്രത്യക്ഷമായത്. ഇന്നും ലോകത്തെ ഏറ്റവും വലിയ വ്യോമയാന ദുരൂഹതയായി തുടരുകയാണ് ഈ തിരോധാനം. വിമാനം കാണാതായ സംഭവത്തില്‍ നാലു വര്‍ഷത്തോളം അന്വേഷണം നടത്തി ഇക്കഴിഞ്ഞ ജൂലൈയില്‍ മലേഷ്യന്‍ സര്‍ക്കാര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ക്വാലലംപുരില്‍ നിന്ന് ബെയ്ജിങ്ങിലേക്കു പറന്ന വിമാനത്തെപ്പറ്റി യാതൊരു അറിവും ഇല്ലെന്നായിരുന്നു 495 പേജുള്ള റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

അന്വേഷണം അവസാനിപ്പിക്കുന്നതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ പുതിയ തെളിവുകള്‍ അന്വേഷണം വീണ്ടും ആരംഭിക്കണമെന്ന സൂചനയാണു നല്‍കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. മഡഗാസ്‌കറിന്റെ തീരമേഖലയില്‍ ഉള്‍പ്പെടെ അന്വേഷണം ശക്തമാക്കണം, വിമാനത്തിന്റേതെന്നു കരുതുന്ന പരമാവധി ഭാഗങ്ങള്‍ ശേഖരിച്ച് ഒരു ‘ജിഗ്‌സോ പസില്‍’ പോലെ ദുരൂഹത്ക്കു പരിഹാരം കാണണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.