ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെപ്പോലെ തനിക്കും നഷ്ടപരിഹാരം ലഭിക്കണമെന്ന് മാലദ്വീപ് സ്വദേശി ഫൗസിയ ഹസന്‍. കേസില്‍ നീതി തേടി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് താനെന്നും കേസ് കേരളാ പോലീസ് കെട്ടിച്ചമച്ചതാണെന്നും ഫൗസിയ ആരോപിച്ചു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ താന്‍ ഇരയാക്കപ്പടുകയായിരുന്നു. നിരവധി പീഡനങ്ങളാണ് ഇക്കാലയളവില്‍ അനഭവിച്ചത്. അതു കൊണ്ട് നഷ്ടപരിഹാരത്തിന് തനിക്കും അര്‍ഹതയുണ്ടെന്ന് ഫൗസിയ ഹസ്സന്‍ പറഞ്ഞു. നമ്പി നാരായണന് ലഭിച്ചതു പോലെ തനിക്കും നഷ്ടപരിഹാരം നല്‍കേണ്ടതാണ്. ഈ കേസു മൂലം ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഇതിനായി നിയമപോരാട്ടം നടത്താനാണ് തീരുമാനം. അഭിഭാഷകനായ പ്രസാദ് ഗാന്ധിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഏതു കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും ഫൗസിയ കൂട്ടിച്ചേര്‍ത്തു.