സമീപിക്കും: കോഴിക്കോട്: കെട്ടിച്ചമച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് വേട്ടയാടിയെന്നും നമ്പിനാരായണനെ പോലെ നഷ്ടപരിഹാരം ലഭിക്കാന്‍ കോടതിയെ സമീപിക്കുമെന്നും മാലി വനിത ഫൗസിയ ഹസന്‍. എസ്.ഐ വിജയന്റെ നേതൃത്വത്തില്‍ കേരളാ പൊലീസ് കെട്ടിച്ചമച്ചതായിരുന്നു കേസ്സ്. പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തിയാണ് പലര്‍ക്കെതിരെയും മൊഴിയെടുപ്പിച്ചത്. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
നമ്പി നാരായണന്റെ പേരു പോലും കേട്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേര് ഐ.ബി ഉദ്യോഗസ്ഥരും കേരള പോലീസും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പറയിപ്പിക്കുകയായിരുന്നു. വെറും 14 വയസ്സ് മാത്രം പ്രായമുള്ള മകളെ മുന്നില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ സമ്മതിപ്പിച്ചത്. നമ്പി നാരായണനെ ആദ്യമായി കാണുന്നത് പോലും സിബിഐ കസ്റ്റഡിയിലാണ്.
കേസില്‍ ആദ്യം ഉള്‍പ്പെടുത്തുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത രമണ്‍ ശ്രീവാസ്തവയെ നേരിട്ട് കണ്ടിട്ടേ ഇല്ല. കേസ് പിന്‍വലിപ്പിച്ചു ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം കേരള പോലീസിനും ഇന്റലിജന്‍സ് ബ്യൂറോയ്ക്കും എതിരെ കേസ് കൊടുത്തിരുന്നു. എന്നാല്‍ മകന്‍ ബിസ്സിനസ്സ് ആവശ്യത്തിന് ഇന്ത്യയിലെത്തിയപ്പോള്‍ ഐ.ബി ഉദ്യോഗസ്ഥര്‍ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തി. ഇന്ത്യയിലെത്തുന്ന ബന്ധുക്കളോട് മോശമായി പൊലീസ് പെരുമാറുമെന്ന് ഭയന്ന് കേസ് പിന്‍വലിക്കാന്‍ സമ്മതിച്ചു. തുടര്‍ന്ന് കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് മാലിയിലെ ഇന്ത്യന്‍ എംബസിയില്‍ എഴുതി നല്‍കി.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ താന്‍ ഇരയാക്കപ്പടുകയായിരുന്നു. നിരവധി പീഡനങ്ങളാണ് ഇക്കാലയളവില്‍ അനുഭവിച്ചത്. നമ്പി നാരായണന് ലഭിച്ചതു പോലെ തനിക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ഈ കേസു മൂലം ഒരുപാട് അനുഭവിച്ചു. നഷ്ടപരിഹാരത്തിനായി നിയമപോരാട്ടം നടത്താനാണ് തീരുമാനം. അഭിഭാഷകനായ പ്രസാദ് ഗാന്ധിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഏതു കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും ഫൗസിയ ഹസന്‍ കൂട്ടിച്ചേര്‍ത്തു.
ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരായ ഡോ. ശശികുമാറും ഡോ. നമ്പി നാരായണനും ചാരവനിതകളായ മറിയം റഷീദക്കും ഫൗസിയ ഹസ്സനും ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ ചോര്‍ത്തി നല്‍കി എന്നതായിരുന്നു ആരോപണം. ചാരക്കേസിന്റെ പേരില്‍ നമ്പി നാരായണനും കെ കരുണാകരനും ക്രൂരമായി ക്രൂശിക്കപ്പെട്ടു. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പുറത്ത് പോകേണ്ടതായി വന്നു.
ഒടുവില്‍ എരിവും പുളിയും ചേര്‍ത്ത കഥകളെയൊക്കെ തള്ളിക്കളഞ്ഞ് കേസില്‍ കഴമ്പില്ലെന്ന് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി. ശാസ്ത്രജ്ഞരുടെയും കെ കരുണാകരനെന്ന രാഷ്ട്രീയ നേതാവിന്റെയും അന്ത്യം കുറിക്കാനായി കെട്ടിച്ചമച്ച കേസ്സില്‍ മാസങ്ങള്‍ക്ക് മുമ്പാണ് സുപ്രീം കോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്.