ഷെരീഫ് സാഗർ

ഇന്ത്യയിലെ പരമോന്നത നിയമ നിർമ്മാണ സഭകളിൽ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കർ തോറ്റുപോകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം കണ്ടത്. ഭൂരിപക്ഷത്തിന്റെ ആധിപത്യം അംബേദ്കറിന്റെ ആത്മാവിനെ കൊന്നു കൊലവിളിക്കുമ്പോൾ മുസ്ലിംലീഗിന്റെ അംഗങ്ങൾ എഴുന്നേറ്റുനിന്ന് വിയോജിച്ചത് ചരിത്രത്തിന്റെ ഭാഗമായി. ഇതേ ഭൂരിപക്ഷത്തിന്റെ ആധിപത്യം ചവറ്റുകുട്ടയിലേക്ക് തള്ളിവീഴ്ത്തിയ ഒരു ചരിത്രം ഭീം റാവു അംബേദ്കറിനുമുണ്ട്. ആരുമങ്ങനെ ഓർക്കുന്നത് കാണാത്ത ചരിത്രം.

1946 മാർച്ച് മാസത്തിലായിരുന്നു ആ വീഴ്ച. ബോംബെ പ്രവിൻഷ്യൽ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച അംബേദ്കറെ സവർണ്ണ ഭൂരിപക്ഷം തോൽപിച്ചു കളഞ്ഞു. ആ വീഴ്ചയിൽനിന്ന് അദ്ദേഹത്തിന് കരകയറാൻ കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പ്രവിൻഷ്യൽ അസംബ്ലികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഭരണഘടനാ അസംബ്ലിയിലെത്തുക. അവിടെ അദ്ദേഹം എത്താതിരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ തോൽപിക്കൽ. സർദാർ പട്ടേലിന്റെ നിർദ്ദേശ പ്രകാരം 296 അംഗ ഭരണഘടനാ അസംബ്ലിയിലേക്ക് അംബേദ്കറെ തെരഞ്ഞെടുക്കപ്പെടാതിരിക്കാൻ ബോംബെയിലെ പ്രമുഖനായ ബി.ജി ഖേർ ആണ് ചരടുകൾ വലിച്ചതെന്ന് അംബേദ്കറുടെ ജീവചരിത്രമെഴുതിയ എ. ആനന്ദ് രേഖപ്പെടുത്തുന്നു.

നിരാശയോടെ കഴിഞ്ഞ ബി.ആർ അംബേദ്കറുടെ രക്ഷക്കെത്തിയത് ജോഗേന്ദ്രനാഥ് മണ്ഡൽ എന്ന ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷന്റെ നേതാവാണ്. ബംഗാളിൽ അദ്ദേഹം മുസ്ലിംലീഗുമായി സഖ്യത്തിലായിരുന്നു. അക്കാരണത്താൽ കമ്യൂണിസ്റ്റുകൾ പോലും അദ്ദേഹത്തെ ജോഗേന്ദ്ര അലി മൊല്ല എന്നു വിളിച്ച് പരിഹസിച്ചു. ഖാഇദെ അഅ്‌സം മുഹമ്മദലി ജിന്നയെ കണ്ട് ജോഗേന്ദ്ര നാഥ് വിവരം ധരിപ്പിച്ചു. ”അദ്ദേഹത്തെ നമുക്ക് കൈവിടാനാകില്ല” എന്നായിരുന്നു ജിന്നയുടെ മറുപടി.

പിന്നീടു സംഭവിച്ചത് ചരിത്രം. വെറുക്കപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ജിന്നക്കും മുസ്ലീംലീഗിനും അതിന്റെ ക്രെഡിറ്റ് പോകുമെന്നു ഭയപ്പെട്ട് ദലിത് സംഘടനകൾ പോലും ഓർക്കാതിരിക്കുന്ന ചരിത്രം. ക്രിസ്റ്റോഫ് ജഫ്രലട്ടിന്റെ അംബേദ്കറും ജാതിവ്യവസ്ഥയും എന്ന പുസ്തകത്തിൽ ആ ചരിത്രം ഇങ്ങനെ രേഖപ്പെട്ടു കിടക്കുന്നു: 1946ൽ ഈ സംവിധാനത്തിൽ (ഭരണഘടനാ അസംബ്ലിയിൽ) അംഗമാവാൻ അംബേദ്കർ മത്സരിച്ചത് കോൺഗ്രസ് ഭരിച്ചിരുന്ന ബോംബെയിൽ നിന്നായിരുന്നില്ല, ബംഗാളിൽ നിന്നായിരുന്നു. അവിടെ മുസ്ലിം ലീഗിന്റെ പിന്തുണയോടെ അദ്ദേഹം തെരഞ്ഞടുക്കപ്പടുകയായിരുന്നു.

അസ്തമിച്ചു പോയ അംബേദ്കറുടെ രണ്ടാം ഉദയത്തിന്റെ കാരണം മുസ്ലിംലീഗായിരുന്നു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നത് ചരിത്രം. ഭൂരിപക്ഷത്തിന്റെ ആധിപത്യം ഭരണഘടനാ അസംബ്ലിയിൽ വരരുതെന്ന് ആഗ്രഹിച്ച അതേ അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനാ മൂല്യങ്ങൾ ഭൂരിപക്ഷം ചവിട്ടിമെതിച്ചപ്പോൾ ചോദ്യം ചെയ്യാനുണ്ടായത് മുസ്ലിംലീഗിന്റെ അംഗങ്ങളായിരുന്നു എന്നത് ചരിത്രത്തിന്റെ മനോഹരമായ ആവർത്തനം.

ജയ് ഭീം!