ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ പുറത്തിറക്കിയ പുതിയ രണ്ടായിരത്തിന്റെ നോട്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമെന്ന് ആര്‍എസ്എസ് നേതാവ് എസ്.ഗുരുമൂര്‍ത്തി. ന്യൂഡല്‍ഹിയില്‍ ദേശീയ മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗുരുമൂര്‍ത്തി ഇക്കാര്യം പറഞ്ഞത്. 500,1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ കറന്‍സി പ്രതിസന്ധി പരിഹരിക്കുന്നതിന് മാത്രമാണ് 2000 രൂപ നോട്ട് പുറത്തിറക്കിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ചെറിയ കറന്‍സികളാണ് അനുയോജ്യം. രാജ്യത്ത് ഏറ്റവും മൂല്യമുള്ള നോട്ടുകള്‍ 500 രൂപയായിരിക്കണമെന്നും ഇതിനു താഴെ 250 രൂപയുടെ നോട്ടുകള്‍ വേണമെന്നുമാണ് ഗുരുമൂര്‍ത്തി പറയുന്നത്.

20gurumurthy1
500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതു പോലെ ഒറ്റയടിക്ക് 2000 നോട്ടുകള്‍ അസാധുവാക്കില്ല. പകരം വിവിധ ഘട്ടങ്ങളിലായിരിക്കും ഇവയുടെ പിന്‍വലിക്കല്‍. നിശ്ചിത കാലാവധി കഴിഞ്ഞാല്‍ ബാങ്കുകളില്‍ തിരിച്ചെത്തുന്ന 2000ത്തിന്റെ നോട്ടുകള്‍ ആളുകള്‍ക്ക് തിരിച്ചു നല്‍കേണ്ടെന്ന് ബാങ്കുകളോട് ആവശ്യപ്പെടും. ഇത്തരത്തില്‍ ശേഖരിക്കുന്ന നോട്ടുകള്‍ക്കു പകരമായി ചെറിയ മൂല്യമുള്ള നോട്ടുകള്‍ വിതരണം ചെയ്യും. നോട്ടു അസാധുവാക്കല്‍ പ്രഖ്യാപനത്തെ സാമ്പത്തിക മേഖലയിലെ പൊഖ്‌റാന്‍ എന്നാണ് ഗുരുമൂര്‍ത്തി വിശേഷിപ്പിച്ചത്.