ന്യൂഡല്‍ഹി: കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് സെപ്തംബര്‍ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.

ലൈസന്‍സിന് പുറമെ, വാഹനങ്ങളുടെ ഫിറ്റ്നെസ്, രജിസ്ട്രേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും പിഴയില്‍ നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. 2020 ഫെബ്രുവരി 20-ന് ശേഷം കാലാവധി അവസാനിച്ച രേഖകള്‍ക്കാണ് ഈ ഇളവ് നല്‍കിയിട്ടുള്ളത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പല ഓഫീസുകളുടെയും പ്രവര്‍ത്തനം നിലക്കുകയും ഈ സാഹചര്യത്തില്‍ രേഖകള്‍ പുതുക്കാന്‍ സാധിക്കാത്തതും കണക്കിലെടുത്താണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിര്‍ദേശം വന്നിട്ടുള്ളത്. സാധാരണ ഗതിയില്‍ കാലവധി അവസാനിച്ച ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് 5000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാത്തതിന് 5000, പെര്‍മിറ്റ് പുതുക്കിയില്ലെങ്കില്‍ 10,000, ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചാല്‍ 2000 മുതല്‍ 5000 രൂപ വരെയുമാണ് പിഴ ഈടാക്കിയിരുന്നത്. മലീനികരണ സര്‍ട്ടിഫിക്കറ്റിനെ ഇളവില്‍ പെടുത്തിയിട്ടില്ല.

2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി അവസാനിക്കുകയും ലോക്ഡൗണിന് തുടര്‍ന്ന് പുതുക്കാന്‍ സാധിക്കാത്തതുമായ ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവക്ക് 2021 സെപ്റ്റംബര്‍ 30 വരെ സാധുത ഉണ്ടായിരിക്കുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിലായം പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രേഖകളുടെ സാധുത ചൂണ്ടിക്കാട്ടി ഈ മഹാമാരി കാലത്ത് ആവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെയും, മറ്റ് ഗതാഗത മാര്‍ഗങ്ങളും തടസ്സപ്പെടാതിരിക്കാനാണ് ഈ നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.