ബെംഗളൂരു: കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സാഹചര്യം വന്നതോടെ രാഷ്ട്രീയ കുതിരക്കച്ചവടവുമായി ബി.ജെ.പി നേതൃത്വം. പണവും പദവിയും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതിനിടെ ഒരു സ്വതന്ത്ര എം.എല്‍.എ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. കര്‍ണാടക പ്രജ്ഞാവന്താ ജനതാപാര്‍ട്ടി എം.എല്‍.എ ആര്‍. ശങ്കര്‍ ആണ് ബി.ജെ.പിക്ക് പിന്തുണ അറിയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ അറിയിച്ച് ശങ്കര്‍ ബി.എസ് യെദിയൂരപ്പയെ വീട്ടില്‍ പോയി കണ്ടു.

കര്‍ണാടക പ്രജ്ഞാവന്താ ജനതാപാര്‍ട്ടിയുടെ നേതാവായ ശങ്കര്‍ റാണിബെന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. നിലവില്‍ 104 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകള്‍ വേണം. ശങ്കര്‍ പിന്തുണ നല്‍കിയതോടെ ഇനി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് ഏഴ് അംഗങ്ങളുടെ പിന്തുണ കൂടി കിട്ടിയാല്‍ മതിയാകും.

അതിനിടെ ഗവര്‍ണറോട് രണ്ട് ദിവസത്തെ സാവകാശം ആവശ്യപ്പെട്ട ബി.ജെ.പി പണവും പദവിയും വാഗ്ദാനം ചെയ്ത് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ്. തനിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പിയില്‍ നിന്ന് വിളി വന്നതായി കോണ്‍ഗ്രസ് എം.എല്‍.എ അമരഗൗഡ ലിംഗനഗൗഡ പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.