തിരുവനന്തപുരം: ഒന്നരമാസത്തോളം നീണ്ട അടച്ചുപൂട്ടലിന് ശേഷം ജനജീവിതം സാധാരണ ജീവിതത്തിലേക്ക് ഇന്ന് മുതല്‍ പതിയെ മടങ്ങി എത്തും. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. നിര്‍ത്തിവെച്ച പൊതുഗതാഗത സൗകര്യങ്ങള്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ നിയന്ത്രിത തോതില്‍ പുനരാരംഭിച്ചു. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ കുറഞ്ഞ ഹാജരോടെ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി നാല് തദ്ദേശ സ്ഥാപനങ്ങളെ നാല് മേഖലകളായി തിരിച്ചാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ‘എ’ കാറ്റഗറിയിലും എട്ടു മുതല്‍ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതല്‍ 30 വരെ ‘സി’ കാറ്റഗറിയിലും 30നു മുകളില്‍ ‘ഡി’ കാറ്റഗറിയിലും ഉള്‍പ്പെടുത്തിയാണു നിയന്ത്രണം. അതാത് ജില്ലാ ഭരണകൂടങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ബുധനാഴ്ചയും എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നത് ജില്ലാ ഭരണകൂടം പരസ്യപ്പെടുത്തും.

‘എ’ കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും കോര്‍പ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവര്‍ത്തിക്കും. എല്ലാ കടകളും അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവക്ക് ഓടാം. ടാക്സിയില്‍ ഡ്രൈവറെ കൂടാതെ മൂന്നു പേരെയും ഓട്ടോയില്‍ ഡ്രൈവറെക്കൂടാതെ രണ്ടു പേരെയും അനുവദിക്കും. കുടുംബാംഗങ്ങളുമായുള്ള യാത്രക്ക് ഈ നിയന്ത്രണമുണ്ടാകില്ല. ബിവ്റെജസ് ഔട്ട്ലെറ്റുകളും ബാറുകളും ടേക്ക് എവേയ്ക്കു മാത്രമായി തുറക്കും. പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ തുറക്കാം. ഹോം ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും. വീട്ടുജോലിക്കാര്‍ക്കും യാത്രാനുമതിയുണ്ടാകും.

ബി കാറ്റഗറിയില്‍പെടുന്ന തദ്ദേശസ്ഥാപനങ്ങളില്‍ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. മറ്റു കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാം.അക്ഷയ സെന്ററുകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തനാനമതിയുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി തുറക്കാം. ബിവ്റെജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍, ബാറുകള്‍ തുടങ്ങിയവ ടെക്ക് എവേയ്ക്കു മാത്രമായു തുറക്കാം. പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ തുറക്കാം. വീട്ടുജോലിക്കാര്‍ക്കും യാത്രാനുമതിയുണ്ടാകും.

‘സി’ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുണ്ടാകും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ദിവസവും പ്രവര്‍ത്തിക്കാം. വിവാഹാവശ്യത്തിനുള്ള വില്‍പ്പനയ്ക്കായി വസ്ത്രവ്യാപാര ശാലകള്‍, ജ്വല്ലറികള്‍, ചെരുപ്പു കടകള്‍ തുടങ്ങിയവയ്ക്കു പ്രവര്‍ത്തിക്കാം. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, റിപ്പയര്‍ സര്‍വീസ് കടകള്‍ തുടങ്ങിയവയ്ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി രാവിലെ എഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. റസ്റ്ററന്റുകള്‍ ടെക്ക് എവേയ്ക്കു മാത്രമായി രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം.

‘ഡി’ കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ശനിയാഴ്ചയും ഞായറാഴ്ചയും ഏര്‍പ്പെടുത്തുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും ബാധകമായിരിക്കും.

 

ഇന്നു മുതല്‍ ഇളവ് ഇങ്ങനെ

അവശ്യവസ്തു കടകള്‍ ദിവസവും തുറക്കാം
അഖിലേന്ത്യാ പൊതു പരീക്ഷകള്‍ക്കും സംസ്ഥാനതല പരീക്ഷകളും നടക്കും
സര്‍ക്കാര്‍ ഓഫിസുകളില്‍ 25% ജീവനക്കാര്‍
അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ
ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി
ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കും
ബാര്‍ബര്‍ ഷാപ്പുകള്‍ തുറക്കാം
സ്പോര്‍ട്സ് സെലക്ഷന്‍ ട്രയലുകള്‍ നടത്താം
പരസ്പര സമ്പര്‍ക്കമില്ലാത്ത തരത്തിലുള്ള ഔട്ട് ഡോര്‍ സ്പോര്‍ട്സ്
വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും.

നിയന്ത്രണം തുടരുന്നത് ഇങ്ങനെ

ആരാധനാലയങ്ങള്‍, പൊതുപരിപാടികള്‍ ഉടനില്ല
ഹോട്ടലുകളില്‍ പാഴ്സലും ഹോം ഡെലിവറിയും മാത്രം
വിവാഹം, മരണാനന്തര ചടങ്ങ് 20 പേര്‍ മാത്രം
മാളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കില്ല
ബ്യൂട്ടിപാര്‍ലറുകള്‍ പ്രവര്‍ത്തിക്കില്ല