തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന തുല്യതാ പദ്ധതികളുടെ ഭാഗമായുള്ള ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ ഈ മാസം 26ന് ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകളാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്. സംസ്ഥാനത്താകെ 26,300 പേര്‍ പരീക്ഷയെഴുതും.

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തില്‍ 12,423 പഠിതാക്കളും രണ്ടാം വര്‍ഷത്തില്‍ 13,877പഠിതാക്കളുമാണ് പരീക്ഷയെഴുതുന്നത്.ഇതില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ 43 പേരും 16,568സ്ത്രീകളും 9,689 പുരുഷന്‍മാരും ഉള്‍പ്പെടും. ഹയര്‍ സെക്കന്‍ഡറി വകുപ്പിനാണ് പരീക്ഷാ ചുമതല. പരീക്ഷാ നടത്തിപ്പിനായി 169 സെന്ററുകളാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പ് സജ്ജമാക്കിയിട്ടുള്ളത്. കൊമേഴ്‌സ് ഹ്യുമാനിറ്റിസ് വിഷയങ്ങളിലാണ് തുല്യതാ പരീക്ഷ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 10 മുതല്‍ 12.45 വരെയാണ് പരീക്ഷകള്‍ നടക്കുക. ജൂലൈ 31 ന് പരീക്ഷ സമാപിക്കും.

സാക്ഷരതാ മിഷന്‍ നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതികളായ സമ, അക്ഷരശ്രീ പഠിതാക്കളും ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വരില്‍ ഉള്‍പ്പെടും. കന്നഡ ഭാഷയില്‍ പരീക്ഷയെഴുതുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലെ 134 പഠിതാക്കളും രണ്ടാം വര്‍ഷത്തിലെ 234 പഠിതാക്കളുമുണ്ട്. എസ്.സി വിഭാഗത്തില്‍ നിന്ന് 3,955പേരും എസ്. ടി വിഭാഗത്തില്‍ നിന്ന് 460 പേരും ഭിന്നശേഷിക്കാരായ 47പേരും പരീക്ഷയെഴുതും. പത്തനംതിട്ട ജില്ലയിലെ പഠന വീട്ടില്‍ താമസിച്ച് പഠിച്ചാണ് ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിലെ 9 പേര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. കോവിഡ് വ്യാപനത്തിലൂടെ സമ്പര്‍ക്ക പഠന ക്ലാസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് പഠിതാക്കള്‍ പഠനം നടത്തിയിരുന്നത്. സാക്ഷരതാ മിഷന്റെ യൂട്യൂബ് ചാനലായ ‘അക്ഷര’ത്തിലൂടെ അധ്യാപകരുടെ ക്ലാസുകള്‍ പഠിതാക്കളിലേക്ക് എത്തിച്ചു. പഠിതാക്കളുടെ വാട്‌സപ്പ് കൂട്ടായ്മയിലൂടെ ക്ലാസുകള്‍ നല്‍കിയും സാക്ഷരതാ മിഷന്റെ മാസികയായ അക്ഷരകൈരളിയിലൂടെ മാതൃകാചോദ്യപേപ്പര്‍ നല്‍കിയും പഠനം സുഗമമാക്കുന്നതിനുള്ള സാഹചര്യം സാക്ഷരതാ മിഷന്‍ ഒരുക്കി.ഹയര്‍ സെക്കന്‍ഡറി പരീക്ഷയെ തുടര്‍ന്ന് പത്താംതരം തുല്യതാ പരീക്ഷാ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകളും സാക്ഷരതാ മിഷന്‍ നടത്തി വരികയാണ്.