കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ആളെ കൊള്ളയടിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡീഷ സ്വദേശി മജീര്‍ നായിക് (35) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

കോഴിക്കോട് അഴിയൂര്‍ സ്വദേശി ജെ.കെ സനീര്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി നടന്നുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. ഇയാള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവരും റെയില്‍വേ പൊലീസും ഓടിയെത്തി. തുടര്‍ന്നാണ് കൊള്ളയടിക്കാന്‍ ശ്രമിച്ചയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം വേറെയും ആളുകളുണ്ടായിരുന്നു. ഇവര്‍ ഓടി രക്ഷപ്പെട്ടു.

ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കൂട്ടുപ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.