Connect with us

Culture

ന്യൂസിലാന്‍ഡേ നിങ്ങള്‍ക്ക് നന്ദി, ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിന് സാക്ഷിയായ ഇമാം ജമാല്‍ ഫൗദ ഇന്നലെ നടത്തിയ ജുമുഅ പ്രഭാഷണം

Published

on

മുസ്‌ലിം സഹോദരീ സഹോദരന്മാരെ, മാനവ സമൂഹത്തിലെ സഹോദരീ സഹോദരന്മാരെ, ന്യൂസിലാന്‍ഡിലെ സഹോദരീ സഹോദരന്മാരെ- കഴിഞ്ഞ വെള്ളിയാഴ്ച ഇതേ പള്ളിയില്‍നിന്ന് ഞാന്‍ ആ ഭീകരന്റെ കണ്ണുകളിലെ വിദ്വേഷവും വെറുപ്പും നോക്കിക്കണ്ടു. അന്‍പതു പേരെ കൊന്ന് രക്തസാക്ഷികളാക്കുകയും 42 പേരെ മുറിവേല്‍പ്പിക്കുകയും ലോകത്തുടനീളമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയം തകര്‍ത്തുകളയുകയും ചെയ്തത് അയാളാണ്. ഇന്ന് അതേ സ്ഥലത്ത് നിന്ന് ന്യൂസിലാന്‍ഡിലെയും ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ആയിരക്കണക്കിന് മനുഷ്യരുടെയും കണ്ണുകളില്‍ സ്‌നേഹവും ആര്‍ദ്രതയും നോക്കിക്കാണുകയാണ് ഞാന്‍. ശരീരം കൊണ്ട് ഇവിടെ ഇല്ലെങ്കിലും മനസ്സുകൊണ്ട് നമ്മോടൊപ്പമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളും നിറഞ്ഞിരിക്കുന്നു.
ലോകത്തെ കീറിമുറിച്ച പൈശാചിക ആശയംകൊണ്ട് നമ്മുടെ രാജ്യത്തെയും കീറിമുറിക്കാം എന്നാണ് ആ ഭീകരന്‍ കരുതിയത്. പക്ഷേ ന്യൂസിലാന്‍ഡിനെ ഒരിക്കലും തകര്‍ക്കാനാവില്ലെന്ന് നാം കാണിച്ചുകൊടുത്തിരിക്കുന്നു. ലോകത്തിനുമുമ്പില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി നാം മാറിയിരിക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ തകര്‍ന്നിട്ടുണ്ട്, പക്ഷേ നമൊരിക്കലും തകര്‍ന്നുപോയിട്ടില്ല. നാം ഇപ്പോഴും സജീവമായിത്തന്നെ ജീവിക്കുന്നു. നാം ഒറ്റക്കെട്ടാണ്. നമ്മെ ഭിന്നിപ്പിക്കാന്‍ ആരെയും സമ്മതിക്കില്ലെന്ന് നാം തീരുമാനിച്ചിരിക്കുന്നു. നാം ഓരോരുത്തരും പരസ്പരം സ്‌നേഹിക്കാനും പിന്തുണക്കാനും നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു.
വെള്ള മേധാവിത്വത്തിന്റെ പൈശാചിക ആശയം നമുക്ക് ആഘാതം ഏല്‍പ്പിക്കുന്നത് ആദ്യമായല്ലെങ്കിലും ഇത്തവണത്തേത് കടുത്ത രീതിയില്‍ തന്നെയാണ്. കൊല്ലപ്പെട്ട ആളുകളുടെ എണ്ണം അത്ര അസാധാരണം അല്ലായിരിക്കാം. പക്ഷേ ന്യൂസിലാന്‍ഡ് കാണിച്ച ഐക്യദാര്‍ഢ്യം തികച്ചും അസാധാരണമാണ്, വിസ്മയകരമാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളോട് ഞാന്‍ പറയട്ടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം വെറുതെയാവില്ല തന്നെ. പ്രതീക്ഷയുടെ ഒരുപാട് വിത്തുകള്‍ അവര്‍ അവരുടെ ചോര കൊണ്ട് നനച്ചിരിക്കുന്നു. ഐക്യത്തിന്റെയും ഇസ്‌ലാമിന്റെയും മനോഹാരിത ലോകം അവരിലൂടെ ദര്‍ശിച്ചറിയും. സ്ഥലങ്ങളില്‍വെച്ച് ഏറ്റവും മികച്ച ഒരിടത്ത് വെച്ച്, നാളുകളില്‍ ഏറ്റവും മികച്ച ഒരു നാളില്‍ തന്നെ നമ്മുടെ കൂട്ടത്തിലെ ഏറ്റവും നല്ലവരെ തന്നെയാണ് തിരിച്ചുവിളിക്കപ്പെട്ടിരിക്കുന്നത്. അതും കര്‍മ്മങ്ങളില്‍ ഏറ്റവും മനോഹരമായ ഒരു കര്‍മ്മം ചെയ്തുകൊണ്ടിരിക്കെ. അവര്‍ ഇസ്‌ലാമിന്റെ രക്തസാക്ഷികള്‍ മാത്രമല്ല ന്യൂസിലാന്‍ഡിന്റെ രക്തസാക്ഷികള്‍ കൂടിയാണ്.
ഞങ്ങള്‍ക്ക് നിങ്ങളെ നഷ്ടപ്പെട്ടെങ്കിലും ന്യൂസിലാന്‍ഡിന്റെ അഖണ്ഡതക്കും ശക്തിക്കും നിങ്ങള്‍ ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. നിങ്ങളുടെ വേര്‍പാട് ഉണര്‍ത്തുപാട്ടാണ്. നമ്മുടെ രാജ്യത്തിന് മാത്രമല്ല, മുഴുവന്‍ മനുഷ്യ സമൂഹത്തിനും. നിങ്ങളുടെ രക്തസാക്ഷിത്വം ന്യൂസിലാന്‍ഡിന് നവജീവന്‍ പകര്‍ന്നു നല്‍കിയിരിക്കുന്നു. ഒരുപാട് പേര്‍ക്ക് മുന്നോട്ട് വളരാനുള്ള അവസരമാണത് സൃഷ്ടിച്ചിരിക്കുന്നത്.
എല്ലാ വൈവിധ്യങ്ങളെയും ആവാഹിച്ചിരിക്കുന്ന നമ്മുടെ ഈ മഹാസംഗമം മാനുഷിക ഐക്യത്തിന്റെ സാക്ഷ്യപത്രമാണ്. നമ്മെ വീണ്ടെടുക്കാന്‍ കരുത്തുള്ള സ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കുകയും വെറുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ആയിരക്കണക്കായ മനുഷ്യര്‍ ഇന്നിവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്. മറ്റു മനുഷ്യരോട് നന്ദി കാണിക്കാതെ ഒരിക്കലും നിങ്ങള്‍ക്ക് ദൈവത്തോട് നന്ദി കാണിക്കാ നാവില്ലെന്ന് നമ്മുടെ പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ന്യൂസിലാന്‍ഡിലെ ജനസമൂഹത്തോട് നമ്മള്‍ പറയുന്നു നിങ്ങള്‍ക്ക് ഒരുപാട് നന്ദി. നിങ്ങള്‍ക്ക് നന്ദി. നിങ്ങളുടെ കണ്ണുനീരിനു നന്ദി. നിങ്ങളുടെ ഹാക്കക്ക് (സവിശേഷ ഐക്യദാര്‍ഡ്യ നൃത്തം) നന്ദി. നിങ്ങള്‍ നല്‍കിയ പൂച്ചെണ്ടുകള്‍ക്ക് നന്ദി. നിങ്ങളുടെ സ്‌നേഹത്തിനും സഹാനുഭൂതിയും നന്ദി. നമ്മുടെ പ്രധാനമന്ത്രിയോട് പറയട്ടെ. താങ്കള്‍ക്ക് നന്ദി. താങ്കളുടെ നേതൃത്വത്തിന് നന്ദി. ലോകത്തിലെ എല്ലാ നേതാക്കള്‍ക്കും മുഴുവന്‍ അതൊരു മികച്ച മാതൃകയായിത്തീര്‍ന്നിരിക്കുന്നു. ഞങ്ങളുടെ കുടുംബങ്ങളെ ചേര്‍ത്തുപിടിച്ചതിന്, ഒരു കൊച്ചു സ്‌കാഫ് കൊണ്ട് ഞങ്ങളെ ആദരിച്ചതിന് ഒരുപാട് നന്ദി. ആര്‍ദ്രമായ താങ്കളുടെ വാക്കുകള്‍ക്കും കണ്ണുനീര്‍ത്തുള്ളികള്‍ക്കും ഒരുപാട് നന്ദി. ഞങ്ങളില്‍ ഒരാളായി മാറിയതിന് താങ്കള്‍ക്ക് നന്ദി. ന്യൂസിലാന്‍ഡ് ഗവണ്‍മെന്റിനും ഒപ്പം ഞങ്ങള്‍ വിസ്മരിക്കപ്പെട്ടവരല്ലെന്ന് ബോധ്യപ്പെടുത്തിയ എല്ലാ അല്‍ഭുത മനുഷ്യര്‍ക്കും നന്ദി. പൊലീസ് സേനക്കും സന്നദ്ധസേവകര്‍ക്കും നന്ദി. എന്നും ഞങ്ങളുടെ ജീവനായിരുന്നല്ലോ നിങ്ങളുടെ ജീവനേക്കാള്‍ നിങ്ങള്‍ വില കല്‍പ്പിച്ചത്. കൊലയാളിയില്‍നിന്ന് ഞങ്ങളെ രക്ഷിക്കാനായി വീടിന്റെ വാതില്‍ തുറന്നുവെച്ച എല്ലാ അയല്‍വാസികള്‍ക്കും ഒരുപാട് നന്ദി. ഞങ്ങളെ സഹായിക്കാന്‍ കാറുമായി ഓടിയെത്തിയ വര്‍ക്ക് നന്ദി. ഞങ്ങള്‍ പൊറുതിമുട്ടിയപ്പോള്‍ ഭക്ഷണം തന്ന് സഹായിച്ചവര്‍ക്ക് നന്ദി. ന്യൂസിലാന്‍ഡേ നിങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ക്ക് നന്ദി. സ്‌നേഹവും കരുതലും എന്താണെന്ന് ലോകത്തെ പഠിപ്പിച്ചതിനു നിങ്ങള്‍ക്ക് നന്ദി.
ഇന്നിവിടെ നമസ്‌കാരത്തിനായി ഒത്തുചേര്‍ന്ന സഹോദരീ സഹോദരന്മാരെ ഒരിക്കല്‍കൂടി ഒന്നിച്ചുചേര്‍ന്നതിന് നിങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു. നമുക്ക് സംഭവിച്ച ആഘാതത്തിന്‌ശേഷം വലിയ നഷ്ടം നാം അനുഭവിക്കുന്നുണ്ട്. പക്ഷേ അല്ലാഹു നമുക്ക് നല്‍കിയ വാഗ്ദത്തം യാഥാര്‍ത്ഥ്യമാകുന്നു. ഈ സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കുകയും ഏതാപത്തു ബാധിക്കുമ്പോഴും ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ, അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും എന്ന് പറയുകയും ചെയ്യുന്നവരെ സുവാര്‍ത്തയറിയിച്ചുകൊള്ളുക. അവര്‍ക്ക് തങ്ങളുടെ റബ്ബില്‍നിന്ന് വലുതായ അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. അവന്റെ കാരുണ്യം അവര്‍ക്ക് തണലേകുകയും ചെയ്യും. (ഖുര്‍ആന്‍ 2: 157)
നിങ്ങള്‍ പ്രകടിപ്പിച്ച കരുത്തിനും വിട്ടുവീഴ്ച്ചക്കും നന്ദി. നിങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തിയ ദേഷ്യത്തിനും കവിഞ്ഞൊഴുകിയ ദയാവായ്പിനും നന്ദി. നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും മറ്റുള്ളവര്‍ വീഴുമായിരുന്ന സന്ദര്‍ഭത്തില്‍ ഉയര്‍ന്ന് നിന്നതിനും നന്ദി. ഇസ്‌ലാമോഫോബിയ നമ്മെ കൊല്ലും. മുസ്‌ലിംകള്‍മുമ്പും അതിന്റെ വേദന അനുഭവിച്ചവരാണ്. കാനഡയില്‍ അത് ആളുകളെ കൊന്നിട്ടുണ്ട്. നോര്‍വേയില്‍ നമുക്ക് എതിരെയും യു.കെയിലും യു.എസിലും നിരപരാധികളായ മനുഷ്യര്‍ക്കെതിരെയും അത് ഉപയോഗിച്ചിട്ടുണ്ട്. ലോകത്ത് പലയിടത്തും അങ്ങനെതന്നെ. ഇസ്‌ലാമോഫോബിയ യാഥാര്‍ത്ഥ്യമാണ്. മുസ്‌ലിംകളെ അപമാനവീകരിക്കാനും യുക്തിരഹിതമായി ഭയപ്പെടാനും ജനങ്ങളെ പ്രേരിപ്പിക്കലാണവരുടെ ലക്ഷ്യം. നാം ധരിക്കുന്ന വസ്ത്രത്തെ പേടിക്കാന്‍, നമ്മള്‍ ഇഷ്ടപ്പെടുകയും തിന്നുകയും ചെയ്യുന്ന ഭക്ഷണത്തെ പേടിക്കാന്‍, നമ്മുടെ പ്രാര്‍ത്ഥനാരീതിയെ പേടിക്കാന്‍, നമ്മുടെ വിശ്വാസത്തെയും ആചാരങ്ങളെയും പേടിക്കാന്‍. അതാണവര്‍ പറയുന്നത്. വിദ്വേഷ പ്രഭാഷണങ്ങളും പേടിയുടെ രാഷ്ട്രീയവും അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്ന് ന്യൂസിലാന്‍ഡിനോടും അയല്‍ രാജ്യങ്ങളോടും ലോക ഭരണകൂടങ്ങളോടും നാം അഭ്യര്‍ഥിക്കുകയാണ്.
50 പേര്‍ രക്തസാക്ഷികള്‍ ആകേണ്ടിവന്നതും 42 പേര്‍ക്ക് മുറിവേറ്റതും ഒരുനാള്‍ കൊണ്ടുണ്ടായ യാദൃച്ഛികതയല്ല. ചില രാഷ്ട്രീയനേതാക്കളും മീഡിയകളും ഒക്കെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാം വിരുദ്ധ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളുടെ അനന്തര ഫലമാണത്. ഭീകരതക്ക് വര്‍ണ്ണമോ വംശമോ മതമോ ഇല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ സംഭവങ്ങളാണ് കഴിഞ്ഞയാഴ്ച നടന്നത്. വ്യാപകമായിക്കൊണ്ടിരിക്കുന്ന വെള്ള വംശീയതയും വലതുപക്ഷ തീവ്രവാദവും ആഗോള സമൂഹത്തിന് വന്‍ ഭീഷണിയായിതീര്‍ന്നിരിക്കുന്നു . ഇത് അവസാനിപ്പിച്ചേ മതിയാവൂ. ഇന്നിവിടെ ഒത്തുകൂടിയ മുസ്‌ലിംകളും അല്ലാത്തവരുമായ എന്റെ എല്ലാ സഹോദരീ സഹോദരന്മാരോടും ഈ വിഷമ ഘട്ടത്തില്‍ നമ്മെ സഹായിക്കാനും പിന്തുണക്കാനുമായി ഇവിടെ എത്തിയ എല്ലാ അന്താരാഷ്ട്ര അഗതികളോടും ഞാന്‍ നന്ദി പറയുന്നു. അല്ലാഹുവേ ഞങ്ങളോട് നീ കാരുണ്യം കാണിക്കേണമേ. അല്ലാഹുവേ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടവരോട് നീ കാരുണ്യം കാണിക്കേണമേ. അവര്‍ക്ക് നീ സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനം നല്‍കി അനുഗ്രഹിക്കേണമേ. അല്ലാഹുവേ പരിക്കേറ്റവര്‍ക്ക് സമാശ്വാസവും മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമയും നല്‍കേണമേ. അല്ലാഹുവേ ഞങ്ങളുടെ നാടും രാജ്യവുമായ ന്യൂസിലന്‍ഡിന് സമാധാനവും സുരക്ഷയും നല്‍കുകയും അതിനെയും അവിടത്തെ ജനങ്ങളെയും എല്ലാ പൈശാചികതകളില്‍നിന്നും കാത്തുരക്ഷിക്കുകയും ചെയ്യേണമേ. അല്ലാഹുവേ ലോകത്തിനു മുഴുവന്‍ ശാന്തിയും സുരക്ഷയും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കണമേ. ന്യൂസിലാന്‍ഡിന് സുരക്ഷ നല്‍കേണമേ. അല്ലാഹുവേ ന്യൂസിലാന്‍ഡിലെ മനുഷ്യര്‍ക്കും ലോകത്തിനും നീ രക്ഷ നല്‍കേണമേ.

Culture

ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റ് -മമ്മൂട്ടി

Published

on

നടന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. ശ്രീനാഥിനെ വിലക്കിയത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ പുതിയ ചിത്രമായ റോഷോക്കിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാസിക്കെതിരായ വിലക്ക് പിന്‍വലിച്ചുവെന്നാണ് മനസ്സിലാക്കുന്നത്, തൊഴില്‍ നിഷേധം തെറ്റാണെന്നും ആരെയും ജോലിയില്‍ നിന്നും വിലക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഖത്തറില്‍ നടന്ന ഒരു പരിപാടിയിലും മമ്മൂട്ടി ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഓരോരുത്തര്‍ക്കും ഓരോ ചോദ്യങ്ങളും അവരവരുടെ മറുപടികളും ഉണ്ടാവും, അത് സെന്‍സര്‍ ചെയ്യാനോ നിയന്ത്രിക്കാനോ ആവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഓണ്‍ലൈന്‍ അവതാരികയെ അപമാനിച്ചുവെന്ന പരാതിയിലാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് എത്ര നാളത്തേക്ക് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

Continue Reading

columns

ചിന്തന്‍ ശിബിരത്തിന്റേത് വലിയ രാഷ്ട്രീയ ലക്ഷ്യം

ചിന്തന്‍ ശിബിരം കേവലമൊരു ക്യാമ്പ് ആയിരുന്നില്ല. അത് കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിന് പിന്തുടര്‍ച്ച തേടുകയുമാണിത്. ചിന്തന്‍ ശിബിരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടുകള്‍ ചന്ദ്രികയുമായി പങ്കുവെക്കുന്നു.

Published

on

ഉമ്മന്‍ചാണ്ടി/ ഫിര്‍ദൗസ് കായല്‍പ്പുറം

ചിന്തന്‍ ശിബിരം കേവലമൊരു ക്യാമ്പ് ആയിരുന്നില്ല. അത് കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിന് പിന്തുടര്‍ച്ച തേടുകയുമാണിത്. ചിന്തന്‍ ശിബിരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടുകള്‍ ചന്ദ്രികയുമായി പങ്കുവെക്കുന്നു.

? ചിന്തന്‍ ശിബിരം സി.പി.എം വിരുദ്ധ സമ്മേളനം എന്നാണ് ഇടതുനേതാക്കള്‍ ആരോപിക്കുന്നത്. എന്താണ് ശിബിരം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം

കോണ്‍ഗ്രസിന്റെ നയങ്ങളും പരിപാടികളും തീരുമാനിക്കുന്നതിനും അത് എങ്ങനെയെല്ലാം നടപ്പിലാക്കണമെന്നും മറ്റുമുള്ള ചര്‍ച്ചകളാണ് ചിന്തന്‍ ശിബിരത്തില്‍ നടന്നത്. അത് സി.പി.എമ്മിനെന്നല്ല, ഒരു പാര്‍ട്ടിക്കും എതിരെയായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും ചില ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് സമയക്രമമനുസരിച്ച് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. രാജ്യവും കേരളവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കോണ്‍ഗ്രസ് എപ്പോഴും സമാധാനപരമായ രാഷ്ട്രീയത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ചിന്തന്‍ ശിബിരത്തിന്റെ രാഷ്ട്രീയലക്ഷ്യം വളരെ വലുതാണ്. അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബോധ്യമായിട്ടുണ്ട്.

? അത്തരമൊരു ചര്‍ച്ച വന്നതുതന്നെ മുന്നണി വിപുലീകരിക്കും എന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനമാണ്. യു.ഡി.എഫിലേക്ക് വരാന്‍ ഏതെങ്കിലും പാര്‍ട്ടികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടോ

ഞങ്ങള്‍ ആരെയും യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല. ആരും ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ടുമില്ല. പക്ഷേ, ഇടതുമുന്നണിയില്‍നിന്ന് ചില കക്ഷികള്‍ യു.ഡി.എഫിലേക്ക് വരും. അത് ഏത് പാര്‍ട്ടിയാണെന്നോ, അവര്‍ എപ്പോള്‍ വരുമെന്നോ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇടതുപക്ഷത്ത് നില്‍ക്കുന്നവരില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാത്തവരായി ആരുമില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ മുന്നണിമാറ്റം ഒരു പാതകമായി ആരും കാണുന്നില്ല. അവിടെ അസംതൃപ്തരുണ്ട്. അവര്‍ വന്നാല്‍ യു.ഡി.എഫ് സ്വീകരിക്കും. മുന്‍കാലങ്ങളിലും മുന്നണി സ്വീകരിച്ചിട്ടുള്ളത് ഈ നിലപാടാണ്. വര്‍ഗീയ ശക്തികളെ അടുപ്പിക്കില്ല. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ക്കും യു.ഡി.എഫില്‍ സ്ഥാനമുണ്ടാവില്ല. ദേശീയതലത്തില്‍ ശക്തിപ്രാപിക്കുന്ന മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ സ്വാഭാവികമായും കേരളത്തിലും പ്രതിഫലിക്കും.

? കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെയാണോ ഉദ്ദേശിച്ചത്. റോഷി അഗസ്റ്റിന്‍ പറഞ്ഞത് അവരെ യു.ഡി.എഫ് ചവിട്ടി പുറത്താക്കി എന്നാണ്. അത് ശരിയാണോ

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ എന്നല്ല, ഒരു കക്ഷിയെയും യു.ഡി.എഫ് ചവിട്ടി പുറത്താക്കിയിട്ടില്ല. അത് യു.ഡി.എഫിന്റെ ശൈലിയല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് യു.ഡി.എഫിന്റെ രീതി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഒരു തീരുമാനമെടുത്ത് അപ്പുറത്തേക്ക് പോയതാണ്. അവരോടും യു.ഡി.എഫിന് വിദ്വേഷമില്ല. യു.ഡി.എഫിന്റെ വാതിലുകള്‍ ആര്‍ക്കുമുന്നിലും അടച്ചിട്ടില്ല. മുന്നണിയില്‍ ഇപ്പോഴുള്ള എല്ലാ കക്ഷികളും വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.

? കെ.എം മാണിയോട് ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം ചെയ്തതെല്ലാം നമുക്കുമുന്നിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇടതുമുന്നണിയില്‍ തുടരുകയാണ്. ജോസ് കെ മാണിയുടെ നിലപാട് ശരിയാണോ

അതിന് മറുപടി പറയാന്‍ ഞാനില്ല. അത് തീരുമാനിക്കേണ്ടത് അവരുടെ പാര്‍ട്ടിയാണ്. പക്ഷേ, കെ.എം മാണി ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടയാളാണ്. എന്റെ ഇത്രകാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ ഇപ്പോഴും വേദനയുളവാക്കുന്നത് മാണിയില്‍നിന്ന് രാജി എഴുതിവാങ്ങേണ്ടിവന്ന സന്ദര്‍ഭമാണ്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. യു.ഡി.എഫിന്റെ സമയത്തെ അന്വേഷണ റിപ്പോര്‍ട്ട് എല്‍.ഡി.എഫ് വന്നശേഷവും പരിശോധിച്ചു. എല്ലാ തെളിവുകളും പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഉദാഹരണത്തിന് പൊന്‍കുന്നത്തുനിന്നാണ് ഒരാള്‍ മാണിക്ക് പണം കൊണ്ടുകൊടുത്തതെന്ന് മൊബൈല്‍ ടവര്‍ നോക്കി കണ്ടെത്തിയിരുന്നു. 55 മിനുട്ടുകൊണ്ട് പൊന്‍കുന്നത്തുനിന്ന് മാണിയുടെ വീട്ടില്‍ പോയി മടങ്ങിയെത്തിയെന്നും വാദമുണ്ടായി. ഏറ്റവും വേഗത്തില്‍ ബൈക്കും കാറും ഓടിക്കുന്ന പൊലീസുകാരെ ഉപയോഗിച്ച് ഇത്രയും ദൂരം സഞ്ചരിപ്പിച്ചു നോക്കി. ഒരിക്കലും ഈ സമയത്തിനകത്ത് പോയ്‌വരാന്‍ കഴിയില്ലെന്ന് ഉറപ്പാക്കി. പണം കൊടുക്കുന്നത് കാര്‍ ഡ്രൈവര്‍ കണ്ടെന്നായിരുന്നു മറ്റൊരു മൊഴി. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്നാല്‍ പണം കൈമാറിയെന്ന് പറയപ്പെടുന്ന സ്ഥലം കാണാനാവില്ലെന്നും വ്യക്തമാക്കി. അത്രത്തോളം ചൂഴ്ന്ന് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഒരു നിരപരാധിയെയാണ് അവര്‍ ക്രൂരമായി ആക്ഷേപിച്ചത്.

? അതിന്റെ തുടര്‍ച്ചയായിരുന്നല്ലോ നിയമസഭ അടിച്ചുതകര്‍ത്ത സംഭവം. മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ സെപ്തംബര്‍ 18ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്

അന്നത്തെ പ്രതിപക്ഷത്തിന്റെ ആവശ്യം കെ.എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് മാത്രമായിരുന്നു. #ോറില്‍ ബഹളമുണ്ടാകുന്ന സമയത്തുപോലും മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതില്‍ കുഴപ്പമില്ലെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. വളരെ നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു അന്നത്തേത്. അതില്‍ മാണിക്ക് വലിയ വിഷമമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കേസ് അതിന്റെ വഴിക്ക് നടക്കട്ടെ.

? കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ലോക്‌സഭയിലും രാജ്യസഭയിലും എം.പിമാരെ സസ്‌പെന്റ് ചെയ്യുകയാണ്. പ്രതിഷേധിച്ചാല്‍ സസ്‌പെന്‍ഷന്‍. ഇ.ഡി വിഷയത്തില്‍ പുറത്ത് പ്രതിഷേധിച്ച എം.പിമാരെ റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് ജനാധിപത്യം എങ്ങോട്ടാണ് പോകുന്നത്

പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനോട് അസഹിഷ്ണുത കാട്ടേണ്ടതില്ല. ജനപ്രതിനിധികളുടെ സ്വാതന്ത്ര്യം കയ്യേറുന്നു. എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യം തടയുന്നു. ഇതെല്ലാം രാജ്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ്. ജവഹര്‍വാല്‍ നെഹ്‌റുവിന്റെ കാലത്ത് പ്രതിപക്ഷത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. അതെല്ലാം തിരിച്ചുകൊണ്ടുവരണം. അതിനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. പ്രതാപനെയും രമ്യയെയുമൊക്കെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് തളരില്ല.

? കേരളത്തിലെ പ്രതിപക്ഷം എത്രത്തോളം ശക്തമാണ്, പ്രത്യേകിച്ച് വി.ഡി സതീശന്റെ പ്രവര്‍ത്തനം, ശൈലി

കേരളത്തിലേത് മികച്ച പ്രതിപക്ഷമാണ്. അടുത്ത കാലത്ത് പ്രതിപക്ഷം നിയസഭയിലും പുറത്തും ഉന്നയിച്ച വിഷയങ്ങളിലെല്ലാം വിജയമുണ്ടായി. വഖഫും ബഫര്‍സോണും ഉള്‍പെടെയുള്ളവ ഉദാഹരണം. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹം ഡിബേറ്റുകള്‍ ഇഷ്ടപ്പെടുന്ന ആളാണ്. വിശദമായി പഠിച്ച് പറയുന്നതുകൊണ്ട് പല വിഷയങ്ങളിലും നല്ല നിലയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നു. സഭക്കുള്ളിലെ പ്രതിഷേധങ്ങളില്‍ ഞങ്ങള്‍ക്ക് സി.പി.എമ്മിനെ പോലെ ഏതറ്റംവരെയും പോകാനാവില്ല. അത് ഞങ്ങളുടെ ശൈലിയല്ല. വെളിയിലിറങ്ങുകയോ മുദ്രാവാക്യം മുഴക്കുകയോ ചെയ്യുന്നതിനപ്പുറം അവരെ പോലെ കടുത്ത നിലപാട് ഞങ്ങള്‍ സ്വീകരിക്കില്ല. സംസ്ഥാനത്ത് പ്രതിപക്ഷം അതിന്റെ ധര്‍മം ഒട്ടും വീഴ്ചയില്ലാതെ തന്നെ ചെയ്യുന്നുണ്ട്.

? കേരളത്തിലെ ഒരു പത്രം നിരോധിക്കാന്‍ കെ.ടി ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ചത് വലിയ വിവാദമായി മാറിയിട്ടുണ്ട്. ജലീലിന്റെ നടപടിയെ എങ്ങനെ കാണുന്നു

കെ.ടി ജലീല്‍ ചെയ്തത് തെറ്റാണ്. അദ്ദേഹത്തിനുമേല്‍ ഒരുപാട് ആരോപണങ്ങളുണ്ടല്ലോ. ഓരോ വിഷയത്തെയും സമീപിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകരും ഭരണാധികാരികളും അതിന്റെ വരുംവരായ്കകള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.

? ചിന്തന്‍ ശിബിരത്തിലൂടെ കോണ്‍ഗ്രസ് എന്നതുപോലെ യു.ഡി.എഫിലെ എല്ലാ കക്ഷികളും ശക്തിപ്പെടേണ്ട സാഹചര്യമല്ലേ

കോണ്‍ഗ്രസും മുസ്‌ലിംലീഗും അടക്കമുള്ള എല്ലാ യു.ഡി.എഫ് കക്ഷികളും ശക്തമായി തന്നെയാണ് മുന്നോട്ടുപോകുന്നത്. ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ ഏതെങ്കിലും ദൗര്‍ബല്യം തീര്‍ക്കാനാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ചില കാര്യങ്ങള്‍ ചിട്ടയോടെ നടപ്പിലാക്കാനാണ് ശിബിരത്തിലെ പദ്ധതികള്‍. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറ എന്നും ഭദ്രമാണ്. അവരുടെ പരിപാടികള്‍ തന്നെ വ്യത്യസ്തവും ആകര്‍ഷകവുമാണ്. മുസ്‌ലിം ലീഗും അതിന്റെ നേതാക്കളും യു.ഡി.എഫിന് നല്‍കുന്നത് വലിയ സംഭാവനകള്‍ തന്നെയാണ്.

? പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് ഇനി വരുന്ന വലിയ വെല്ലുവിളി. കേരളത്തില്‍ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും രാജ്യത്താകെ കോണ്‍ഗ്രസ് ഉയിര്‍ത്തെണീക്കേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ എ.ഐ.സി.സി തലത്തില്‍ ആരംഭിച്ചിട്ടുണ്ടോ

2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുന്നത് പൂര്‍ണ സജ്ജമായി തന്നെയാകും. അതിനു മുന്നോടിയായി ചില തീരുമാനങ്ങളുണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയും സമാനചിന്തക്കാരായ കക്ഷികളും ഒരുമിച്ചുപോകും. അതിന്റെ വിശദാംശങ്ങള്‍ വൈകാതെ നിങ്ങളെ അറിയിക്കും.

Continue Reading

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Trending