മലയാളം ന്യൂസ് ചാനലുകളിലെ മുന്‍നിരപോരാളികള്‍ കൂട്ടത്തോടെ അംബാനിയുടെ ചാനലിലേക്ക് കൂടിയേറിപ്പാര്‍ക്കുന്ന ഈ സാഹചര്യത്തില്‍ മാധ്യമരംഗത്തുനിന്നും വിട്ടുനിന്ന നികേഷ് കുമാറിനെ ക്ഷണിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പോസ്റ്റുകള്‍ക്ക് പിന്നാലെയാണ് നികേഷ് തിരിച്ചുവരുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഡിസംബര്‍ ആദ്യവാരം ‘നികേഷ് ഷോ’ എന്ന പേരില്‍ പുതിയ പരിപാടിയുമായി രംഗത്തെത്താന്‍ നികേഷ് കുമാര്‍ തയ്യാറെടുക്കുന്നുവെന്നാണ് അറിയുന്നത്. നേരത്തെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ തലപ്പത്ത് നിന്നിരുന്ന നികേഷ് അഴീക്കോട് നിന്നും നിയമസഭയിലേക്ക് മല്‍സരിക്കാന്‍ വേണ്ടിയാണ് മാധ്യമരംഗം വിട്ടത്. ഇനിയൊരിക്കലും മാധ്യമരംഗത്തേക്കില്ലെന്നും രാഷ്ട്രീയത്തിലായിരിക്കും പ്രവര്‍ത്തനം എന്നും നികേഷ് പറഞ്ഞിരുന്നു. എന്നാല്‍ അഴീക്കോട് കെഎം ഷാജി എംഎല്‍എയുമായുള്ള തിരഞ്ഞെടുപ്പില്‍ നികേഷ്‌കുമാര്‍ പരാജയപ്പെടുകയായിരുന്നു.

അംബാനിയുടെ ചാനലിലേക്ക് പ്രമുഖര്‍ കൂട്ടത്തോടെ പോകുന്നുവെന്നതാണ് നികേഷിനെ തിരിച്ചുവിളിക്കാന്‍ പ്രേരിപ്പിക്കുന്നത്. ‘എത്രയും പെട്ടെന്ന് സ്‌ക്രീനില്‍ കാണാന്‍ എന്നെ പോലെ ലക്ഷക്കണക്കിന് ആളുകള്‍ ആഗ്രഹിക്കുന്നു.താങ്കളുടെ രാഷ്ട്രീയ എതിരാളികള്‍ പോലും അത് ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്.അംബാനിയുടെ ചാനലിലേക്ക് ആരും പോക്കോട്ടെ നികേഷ് സ്‌ക്രീനിലുണ്ടെങ്കില്‍ പ്രേക്ഷകര്‍ പിന്നെ ഒരു കുത്തക ചാനലും കാണാന്‍ പോകുന്നില്ല..അതുകൊണ്ട് അടുത്ത ദിവസം തന്നെ സ്‌ക്രീനില്‍ പ്രതീക്ഷിക്കുന്നു…’-ഒരു പോസ്റ്റില്‍ പറയുന്നു.

സംഘ്പരിവാര്‍ അനുഭാവമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്നുള്ള ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനത്തിന് ശേഷമാണ് ഏഷ്യാനെറ്റില്‍ നിന്നും രണ്ടു പ്രമുഖര്‍ രാജിവെക്കുന്നത്. മീഡിയാ വണ്ണില്‍ നിന്നും കൂട്ടരാജിയുണ്ടായിരുന്നു.