പെങ്ങന്‍മാരെ കെട്ടിച്ചയക്കാന്‍ സ്വര്‍ണത്തിനായി ഏറെ കഷ്ടപ്പെട്ട ഷാഫി ആലുങ്ങല്‍ ഒരു പ്രതിജ്ഞയെടുത്തിരുന്നു. തന്റെ മകളുടെ ജീവിതത്തില്‍ അവരെ കൊണ്ട് സ്വര്‍ണം തൊടീക്കില്ല എന്ന വലിയ പ്രതിജ്ഞ. ഇക്കഴിഞ്ഞ ഞായറാഴ്ച ഷാഫിയുടെ മകള്‍ വിവാഹജീവിതത്തിലേക്ക് കടന്നപ്പോഴും ആ പ്രതിജ്ഞ പാലിക്കപ്പെട്ടു. വെറും മൂവായിരം രൂപയുടെ വെറൈറ്റി വെള്ളി ആഭരണങ്ങള്‍ അണിഞ്ഞാണ് ഷാഫിയുടെ മകള്‍ ഷിഫ നിക്കാഹിനായി എത്തിയത്. സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റിയ ആ കഥ ഷാഫി ആലുങ്ങല്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കിട്ടത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് 

കാതുകുത്താത്ത കല്യാണത്തിന് ആഭരണ ചിലവ് വെറും മൂവായിരം രൂപ

‘സ്വര്‍ണ്ണത്തിന് അല്പം പണം അഡ്വാന്‍സ് അടച്ചാല്‍ പല ഓഫറുകളുമുണ്ട്’. മകളുടെ വിവാഹ വിവരമറിഞ്ഞ് പ്രശസ്ത ജ്വല്ലറിയില്‍ ഫോണ്‍ വിളി വന്നു. എന്റെ മകളുടെ വിവാഹത്തിന് സ്വര്‍ണ്ണത്തിന്റെ ആവശ്യമില്ല ഞാന്‍ മറുപടിയും കൊടുത്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ സഹോദരിമാരെ വിവാഹമന്വേഷിച്ച ഇന്നത്തെ എന്റെ പ്രിയപ്പെട്ട അളിയന്മാര്‍ അന്ന് സ്വര്‍ണ്ണം ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും അക്കാലത്തെ നാട്ടു നടപ്പ് നടപ്പിലാക്കാന്‍ ഞാന്‍ പാടു പെട്ടതും, മറ്റുള്ളവരില്‍ നിന്ന് അതിനായി പണം വാങ്ങേണ്ടി വന്നതും എനിക്കിന്നും മറക്കാനാവുന്ന ഓര്‍മ്മയല്ല. അന്ന് ഞാന്‍ എടുത്ത പ്രതിജ്ഞക്ക് ഇന്ന് പ്രായം ഇരുപത് കഴിഞ്ഞു.

ഇരുപത് വര്‍ഷം മുന്‍പ് എന്റെ ആദ്യത്തെ പെണ്‍ കണ്മണി ജനിച്ചപ്പോള്‍ തന്നെ ഞാന്‍ മക്കളെ സ്വര്‍ണ്ണം ധരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. അതുകൊണ്ട് മൂന്ന് പെണ്മക്കളുടെ കാത് പോലും ഇന്നേവരെ കുത്തിയിട്ടില്ല. ചെറു പ്രായത്തില്‍ ആഭരണം ധരിച്ച മറ്റു കുട്ടികളെ കാണുമ്പോള്‍ എന്റെ മക്കള്‍ അവരുടെ ചെവിയില്‍ പിടിച്ചും മറ്റും ആഭരണങ്ങള്‍ക്ക് ചിലപ്പോള്‍ വാശി പിടിക്കുമായിരുന്നു. മുതിര്‍ന്നപ്പോള്‍ അവര്‍ക്കാര്‍ക്കും ആഭരണങ്ങളോട് യാതൊരു താല്പര്യവുമില്ലാതായി. പ്രത്യേകിച്ചും സ്വര്‍ണ്ണത്തോട്.

മൂത്ത മകളെ വിവാഹമന്വേഷിച്ച ചെറുക്കന്റെ പിതാവിനോട് ഞാന്‍ എന്റെ നിലപാടുകള്‍ വിശദീകരിച്ചു. ‘ഒരു ഗ്രാം സ്വര്‍ണ്ണം വിവാഹത്തിനായി ഞാന്‍ ഒരുക്കിവെച്ചിട്ടില്ല. ഇന്നേവരെ എന്റെ മക്കളെ സ്വര്‍ണ്ണം ധരിപ്പിച്ചിട്ടില്ല. ഒരു ചെറു കമ്മല്‍ ധരിക്കാന്‍ പോലും അവരുടെ ചെവികളില്‍ ഞാന്‍ ദ്വാരമിട്ടിട്ടില്ല. നാട്ടു നടപ്പുകളോ ആചാരങ്ങളോ കീഴ് വഴക്കങ്ങളോ ഞാന്‍ എന്റെ മക്കളുടെ വിവാഹത്തിന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പിതാവ് എന്ന നിലക്ക് അവര്‍ക്ക് നല്ല വിദ്യാഭ്യാസവും സംസ്‌കാരവും പകര്‍ന്നു നല്‍കാന്‍ മാത്രമേ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളൂ. അതിന് മാത്രമേ ഞാന്‍ കാര്യമായി പണം ചിലവഴിക്കാറുള്ളൂ. ഭൗതികമായി വളരെ ഉയര്‍ന്ന വിവാഹാലോചനകള്‍ മകള്‍ക്ക് വന്നിട്ടുണ്ടെങ്കിലും വരനാകാന്‍ പോകുന്നവന്റെ സ്വഭാവവും സംസ്‌കാരവും വിദ്യാഭ്യാസവും മാത്രമേ ഞാന്‍ പരിഗണിച്ചിട്ടുള്ളൂ’.

പെണ്ണിന് ഒരു തരി സ്വര്‍ണ്ണം നല്‍കില്ല എന്ന എന്റെ തീരുമാനത്തെ വരനാകാന്‍ പോകുന്ന അബ്ദുല്‍ ബാസിത്തിന്റെ പിതാവ് അരീക്കോട്ടുകാരന്‍ ആ.ഗ ഇബ്രാഹീകുട്ടി സാഹിബ് വളരെ സന്തോഷപൂര്‍വ്വമാണ് സ്വീകരിച്ചത്. മാതാവ് ബുഷ്‌റ ടീച്ചര്‍ക്കും അതുപോലെ തന്നെ. ഒരേ നിലപാടുള്ളവരെ യാദൃച്ഛികമായി കൂട്ടിയോജിപ്പിച്ച നാഥന്‍ എത്ര പരിശുദ്ധനാണ്!.

സ്ത്രീകളാണ് പലപ്പോഴും സ്ത്രീകളുടെ തന്നെ അന്തകരാവുന്നത്. സ്വര്‍ണ്ണത്തോടുള്ള സ്ത്രീകളുടെ ആര്‍ത്തിയും ഭ്രമവും കുറയാതെ സ്ത്രീധനം മൂലമുള്ള സ്ത്രീപീഡനങ്ങള്‍ നമുക്ക് തടയാനാവില്ല. വിവാഹ സന്ദര്‍ഭത്തില്‍ നിന്ന് പണത്തെ മാറ്റി നിര്‍ത്തിയത് പോലെ സ്വര്‍ണ്ണത്തെ കൂടി അകറ്റിയാല്‍ മാത്രമേ പെണ്‍ മക്കളുടെ വിവാഹത്തിനായുള്ള പാവപ്പെട്ട മാതാപിതാക്കളുടെ നാടുനീളെയുള്ള യാചനകള്‍ക്ക് അറുതിയാവൂ. എല്ലാ മതങ്ങളും ഗവണ്മെന്റും നിയമം മൂലം നിരോധിച്ച സ്ത്രീധനമെന്ന വിപത്തിനെ വിപാടനം ചെയ്യാന്‍ ഈ മഞ്ഞ ലോഹത്തെ കാണുമ്പോള്‍ കൂടി നമ്മുടെ കണ്ണ് മഞ്ഞളിക്കാതിരിക്കണം.

ഞായറാഴ്ച്ച നടക്കാന്‍ പോകുന്ന എന്റെ മകള്‍ ഷിഫ ബിന്‍ത് ഷാഫിയുടെ വിവാഹത്തിന് വാങ്ങിയ വെറും മൂവായിരം രൂപയുടെ വെറൈറ്റി വെള്ളി ആഭരണങ്ങളാണ് മുകളിലെ ഫോട്ടോയിലുള്ളത്. ഇരുപത്തൊന്ന് വര്‍ഷമായി എന്റേതായ നിലപാടുകള്‍ക്ക് നിരുപാധികം നിറം പകര്‍ന്ന് എല്ലാ പിന്തുണയും നല്‍കുന്ന പ്രണയിനിയാണ് എന്റെ ശക്തിയും പ്രചോദനവും…

കോവിഡ് സാഹചര്യത്തില്‍ വേണ്ടപ്പെട്ട പലരേയും നിക്കാഹിന് വിളിക്കാന്‍ കഴിയാത്ത ഞങ്ങളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി നിങ്ങളുടെ പ്രാര്‍ത്ഥനയിലും ആശീര്‍വാദത്തിലും ഉള്‍പ്പെടുത്തണമെന്ന അപേക്ഷയോടെ…

സ്‌നേഹദരവുകളോടെ,
ഷാഫി ആലുങ്ങല്‍&സുല്‍ഫത്ത്,പാലേമാട്. 9447472003.