വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസിഡര്‍ സ്ഥാനം ഇന്ത്യന്‍ വംശജയായ നിക്കി ഹാലെ രാജിവെച്ചു. ഒരു സുപ്രധാന പ്രഖ്യാപനം ഓവല്‍ ഓഫീസില്‍ നിന്നുണ്ടാവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് നിക്കി ഹാലെയുടെ രാജി.

സൗത്ത് കരോലീന ഗവര്‍ണറായിരുന്ന നിക്കി ഹാലെ ട്രംപ് പ്രസിഡന്റായതിനു ശേഷം 2017ലാണ് അമേരിക്കയെ പ്രതിനിധീകരിച്ച് യു.എന്നിലെത്തിയത്. രാജിക്കു പിന്നിലെ കാരണം വ്യക്തമല്ല. ട്രംപ് രാജി സ്വീകരിച്ചതായാണ് വിവരം.

ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ തകര്‍ക്കുന്നതിനും സിറിയന്‍ പ്രശ്‌നങ്ങളിലുമടക്കം ഐക്യരാഷ്ട്രസഭയില്‍ അമേരിക്കക്കു അനുകൂലമായി നിര്‍ണായക നീക്കം നടത്തിയത് നിക്കി ഹാലെയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ നിക്കി ഹാലെ വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിയാലോചന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ് വന്നത്. ട്രംപിന്റെ വിദേശ നയങ്ങളെ ഹാലെ വിമര്‍ശിച്ചത് അടുത്തിടെ വാര്‍ത്തയായിരുന്നു.