മലപ്പുറം: നിലമ്പൂര്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രഹ്നയുടെ കുടുംബം. ഭര്‍ത്താവ് വിനീഷിനെതിരെയാണ് രഹ്നയുടെ അച്ഛന്‍ രാജന്‍കുട്ടി പരാതിയുമായി എത്തിയത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി രഹ്നയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്‌നങ്ങളുടെ കാരണമെന്ന് രാജന്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും രാജന്‍കുട്ടി പറഞ്ഞു.

വിനീഷിന്റെ ഭാര്യ രഹ്ന, മക്കളായ ആദിത്യന്‍ (13), അര്‍ജുന്‍ (11), അനന്തു (7) എന്നിവരേയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളിയായി വിനീഷ് കണ്ണൂര്‍ ഇരിട്ടിയിലെ ജോലി സ്ഥലത്തായിരുന്നു. രഹ്നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു.