സ്വന്തം ലേഖകന്‍
സുല്‍ത്താന്‍ബത്തേരി

നിപ്പാ വൈറസ് പനി വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സാധ്യമായ നടപടികള്‍ തുടങ്ങി. കര്‍ശനമായ പനി നിരീക്ഷണമാണ് നടത്തുന്നത്. ഏത് തരം പനിയാണ്, രോഗ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്, പനി മരണം നടന്ന കോഴിക്കോട്, മലപ്പുറം പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണോ പനി തുടങ്ങിയത്, രോഗിയുടെ അവസ്ഥ എന്താണ്, ചികിത്സയോട് രോഗി പ്രതികരിക്കുന്നുണ്ടോ, പനി പടര്‍ത്തുന്നു എന്ന് കരുതുന്ന വവ്വാലുകളുടെ സാമീപ്യമുള്ളവര്‍ക്ക് പനി വന്നിട്ടുണ്ടോ എന്നിത്യാദി പനി പര്യവേഷണമാണ് തുടങ്ങിയിരിക്കുന്നത്. ഈ നിരീക്ഷണം നേരത്തെയുള്ളതാണെങ്കിലും നിപ്പാ പനി മരണത്തിന് ശേഷം കര്‍ശനമായി അവലോകനം നടത്തിവരുന്നു. ചികിത്സയോട് പ്രതികരിക്കാതെ രോഗി മരണപ്പെടുന്നു എന്നതാണ് നിപ്പാ വൈറസ് പനിയില്‍ കാണുന്നത്. വവ്വാലുകള്‍ കടിച്ച പഴവര്‍ഗങ്ങള്‍ കഴിക്കാതിരിക്കുക, ഇവ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള തെങ്ങിന്‍ കള്ളുകള്‍ കുടിക്കാതിരിക്കുക, കൂടെ കൂടെ കൈ കഴുകുക, മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവ ധരിക്കുക, വനമേഖലയിലും സമീപത്തുമുള്ള വവ്വാലുകളുടെ ആവാസ മേഖലകളില്‍ പോവാതിരിക്കുക തുടങ്ങിയവയാണ് മുന്‍കരുതലായി പറയുന്നത്. രോഗബാധിതരുമായി അടുത്തിടപഴകുന്നതും നിര്‍ത്തണം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. സ്രവങ്ങളെന്നാല്‍ ഉമിനീര്, വിയര്‍പ്പ്, മൂത്രം, മലം, കഫം എന്നിവയെല്ലാം പെടും. രോഗിയുടെ ഒരു മീറ്റര്‍ ചുറ്റളവിനുള്ളിലേക്ക് മാസ്‌ക് ധരിക്കാതെ ചെല്ലരുതെന്നും നിര്‍ദ്ദേശിക്കുന്നു. തൊണ്ടമുള്ള്, പന്നിപ്പനി എന്നിവ പോലെയാണ് നിപ്പാ വൈറസ് പനിയും രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടരുന്നത്. സാധാരണ പനി ലക്ഷണങ്ങളോടൊപ്പം ബോധക്ഷയം, അപസ്മാരം പോലുള്ളവ ഉണ്ടാകുന്നതാണ് പ്രത്യേകത. മറ്റു പനികളെ അപേക്ഷിച്ച് മരണനിരക്ക് കൂട്ടുന്ന പനിയാണിത്. ഇതിനുള്ള കാരണം രോഗാണുവിന് ബീജ ഗര്‍ഭകാല സമയം ഇല്ല എന്നതാണ്. ഡങ്കിപ്പനി, എലിപ്പനി പോലുള്ളവയുടെ രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഇവക്ക് പത്തും പതിനഞ്ചും ദിവസമെടുക്കുന്ന അണുക്കള്‍ പെറ്റുപെരുകുന്ന ബീജ ഗര്‍ഭകാലമുണ്ടാവും. ഈ സമയം കഴിഞ്ഞാണ് രോഗ ലക്ഷണങ്ങള്‍ തുടങ്ങുന്നത്. നിപ്പാ വൈറസ് പനി തുടങ്ങി പിറ്റേ ദിവസം തന്നെ തലച്ചോറിനെയും ഹൃദയത്തെയും ആക്രമിക്കുന്നു. ഇതാണ് ബോധക്ഷയത്തിനും അപസ്മാരത്തിനും കാരണമാകുന്നത്. തലച്ചോറിനെ ബാധിച്ച് ഹൃദയാഘാതമുണ്ടാക്കുകയാണ് രോഗാണു ചെയ്യുന്നത്. മരണത്തിലേക്ക് രോഗിയെ നയിക്കുന്നത് ഈ ഗുരുതരാവസ്ഥയാണ്.