Connect with us

Culture

നിപ്പ വൈറസ്: ഒറ്റക്കെട്ടായി ജനപ്രതിനിധികള്‍; ജില്ലയില്‍ ആറ് മാസത്തിനകം സമ്പൂര്‍ണ്ണ ശുചിത്വം

Published

on

കോഴിക്കോട്: നിപ്പ വൈറസ് പരത്തിയ അപൂര്‍വരോഗത്തിന്റെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ജില്ലാ ഭരണകൂടവും യോജിച്ച പോരാട്ടത്തിന്. ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അതിന് തെളിവായി. രോഗം കണ്ടെത്തിയ ഉടന്‍ തന്നെ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ സാധിച്ചത് ആരോഗ്യവകുപ്പിന്റെ വിജയമായി യോഗം ചൂണ്ടിക്കാട്ടി. അതേസമയം, നിപ്പയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടക്കുന്നതില്‍ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചങ്ങരോത്ത് സ്വദേശി സാബിത്ത്, സഹോദരന്‍ മുഹമ്മദ് സാലിഹ് എന്നിവരാണ് രോഗം ബാധിച്ച് ആദ്യം മരണത്തിന് കീഴടങ്ങുന്നത്. അപ്പോള്‍ തന്നെ മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവരം അറിയിക്കുകയും കേന്ദ്ര ആരോഗ്യവകുപ്പിനോട് സഹായം തേടുകയും ചെയ്തുവെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗബാധ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്.

പരിശോധിച്ചതില്‍ 21 സാമ്പിളുകള്‍ നെഗറ്റീവ് ആയാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഒന്നില്‍ മാത്രമാണ് രോഗലക്ഷണം കണ്ടത്. ഇത് ആശ്വാസകരമാണ്. കോട്ടയത്ത് പേരാമ്പ്ര സ്വദേശിയെ രോഗബാധയോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിപ്പയല്ലെന്ന് കണ്ടെത്തി. പലരും ഭയം കാരണം നിപ്പയാണെന്ന് നിശ്ചയിക്കുകയാണ്. സാധാരണ വൈറല്‍പനിക്കും ഇതേ ലക്ഷണങ്ങള്‍ വരാം, മന്ത്രി പറഞ്ഞു.

ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച തൊഴില്‍വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വീടുകളും പരിസരങ്ങളും ശുചീകരിക്കാന്‍ ജനങ്ങളോട് യോഗം ആഹ്വാനം ചെയ്തു.പഞ്ചായത്ത് തലത്തില്‍ ശുചീകരണയജ്ഞത്തിന് നടപടികള്‍ സ്വീകരിക്കും. വാര്‍ഡ് തലത്തിലും അയല്‍ക്കൂട്ടങ്ങള്‍ മുഖേനയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കും. ഇതിനായി എല്ലാ രാഷ്ട്രീയകക്ഷികളും സഹായം വാഗ്ദാനം ചെയ്തു.

പേരാമ്പ്ര ഭാഗത്തെ ജനങ്ങളുടെ ഭീതി അകറ്റാന്‍ നടപടി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. പറ്റുമെങ്കില്‍ അവിടെ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും മറ്റും സാന്നിധ്യത്തില്‍ പദയാത്ര നടത്തണം. വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ പോലും ജനങ്ങള്‍ ആശങ്കയിലാണ്. നിപ്പ പോലുള്ള വൈറസ് രോഗങ്ങളെ തടയുന്നതിന്റെ ഭാഗമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ശാഖ കേരളത്തില്‍ തുടങ്ങുന്നതിന് സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടാകണമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം വേണം. ആദ്യമായി രോഗം കണ്ടെത്തിയ സാബിത്തിന്റെ യാത്രചരിത്രവും മറ്റ് അടിസ്ഥാനവിവരങ്ങളും കണ്ടെത്തണം. വൈറസ് ബാധ കണ്ടെത്തിയ ഉടന്‍ തന്നെ നടപടി സ്വീകരിച്ച ആരോഗ്യവകുപ്പിന്റെ നീക്കങ്ങള്‍ ഫലം ചെയ്തതായി ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. ഔദ്യോഗിക വിവരങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കാന്‍ സംവിധാനം ഉണ്ടാവണം. സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ പ്രോട്ടോകോള്‍ ഉണ്ടാവണമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി. സിദ്ദീഖ് പറഞ്ഞു. മാസ്‌ക് ഉള്‍പ്പെടെ ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കണം.

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ജാഗ്രത പ്രശംസനീയമാണെന്ന് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. മൂസ മുസ്്‌ലിയാരുടെ മൃതദേഹം കബറടക്കുന്ന വിഷയത്തിലും മറ്റും ജില്ലാ ഭരണകൂടം നടത്തിയ സൗമ്യമായ ഇടപെടല്‍ എടുത്തുപറയേണ്ടതാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തിലെയും ജില്ലയിലെയും മാലിന്യനിര്‍മാര്‍ജനത്തിന് നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, ഇ.കെ വിജയന്‍, പി.ടി.എ റഹീം, വി.കെ.സി മമ്മത്‌കോയ, എ. പ്രദീപ്കുമാര്‍, സി.കെ നാണു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എന്‍.സി.പി നേതാവ് മുക്കം മുഹമ്മദ്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രന്‍, വി.സി ചാണ്ടിമാസ്റ്റര്‍, കേരള കോണ്‍ഗ്രസ് എം. ജില്ലാ പ്രസിഡണ്ട് തോമസ് തോണിപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസ് സ്വാഗതം പറഞ്ഞു.

കലക്ടര്‍ക്ക് പൂര്‍ണ ചുമതല; ജില്ലയില്‍ ആറ് മാസത്തിനകം സമ്പൂര്‍ണ്ണ ശുചിത്വം

കോഴിക്കോട്: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ആറ് മാസത്തിനകം കോഴിക്കോട് സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയാക്കുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, എം.എല്‍.എ മാര്‍, എം.പി മാരുടെ യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ കലക്ടര്‍ യു.വി ജോസിന് പൂര്‍ണ്ണ അധികാരം നല്‍കുന്നതിന് യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശിന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

മാലിന്യസംസ്‌കരണം കൊതുക് നശീകരണം ശക്തമായി നടപ്പില്‍ വരുത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാലിന്യം തളളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ പരിശോധന നടത്തും. തൊഴിലുടമകള്‍ അവര്‍ക്ക് വേണ്ട സൗകര്യം നല്‍കുന്നുണ്ടോയെന്ന് പഞ്ചായത്തുകള്‍ പരിശോധിക്കണം.

മാലിന്യസംസ്‌കരണം സമരങ്ങള്‍ കാരണം നിര്‍ത്തി വെക്കേണ്ട സാഹചര്യമുണ്ടാകുന്നു. ദുരന്തനിവാരണ ആക്ട് പ്രകാരം ഇതില്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. വാര്‍ഡുതലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്നതിനും തിരുമാനമായി.

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending