വാരാണസി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. രാഹുലിന്റെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരിഹാസം.
‘ ഇവിടെ ഒരു യുവ രാഷ്ട്രീയ നേതാവുണ്ട്. എങ്ങനെ പ്രസംഗിക്കണമെന്ന് പഠിക്കുകയാണ് അദ്ദേഹം. അദ്ദേഹം പ്രസംഗിക്കാന്‍ പഠിച്ചതില്‍ തനിക്ക് നിസ്സീമമായ ആഹ്ലാദമുണ്ട്. എന്നാലും ഒരു ഭൂകമ്പമുണ്ടാവാത്തതില്‍ താന്‍ സന്തോഷവാനാണ്’ – യു.പിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി നടത്തിയതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും അതു പുറത്തുവന്നാല്‍ ഭൂകമ്പമുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ റാലിയില്‍ പേരെടുത്ത് മോദി വിമര്‍ശിച്ചു. എഴുപതുകള്‍ മുതല്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട സംഘങ്ങളില്‍ മന്‍മോഹന്‍സിങുണ്ടായിരുന്നു. എന്നിട്ടും രാജ്യത്തെ അമ്പത് ശതമാനം ജനങ്ങളും ദരിദ്രരാണെന്ന് അദ്ദേഹം പറയുന്നു. ഇത് അദ്ദേഹത്തിന്റെ പുരോഗതി റിപ്പോര്‍ട്ടാണോ അതോ തന്റേതോ?. ആരുടെ പൈതൃകമാണ് താന്‍ പിന്തുടരേണ്ടത് മോദി ചോദിച്ചു.
നോട്ടു നിരോധനത്തിനെതിരെ, കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളത്തില്‍ മന്‍മോഹന്‍സിങ് രൂക്ഷമായി സംസാരിച്ചിരുന്നു. സംഘടിത കൊള്ളയും നിയമപരമായ കവര്‍ച്ചയുമാണിതെന്നായിരുന്നു സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്ന ഭീകരരെ സഹായിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് വെടിവെക്കുന്ന പാകിസ്താനെപ്പോലെയാണ് ഇപ്പോള്‍ പ്രതിപക്ഷം പെരുമാറുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ലജ്ജയില്ലാതെയാണ് പ്രതിപക്ഷം അഴിമതിക്കാര്‍ക്കു വേണ്ടി സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.