കണ്ണൂര്‍: നാളെയാണ് കേരളം കണ്ണു നട്ടു കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍. സംസ്ഥാനത്ത് മൊത്തം 1200 തദ്ദേശസ്ഥാപനങ്ങളാണ് ഉള്ളത്. ഇവയില്‍ 941 ഗ്രാമപഞ്ചായത്തും 152 ബ്ലോക് പഞ്ചായത്തും. സംസ്ഥാനത്തിന്റെ അതേ എണ്ണത്തില്‍ ജില്ലാ പഞ്ചായത്തുകളും. ഗ്രാമപഞ്ചായത്തില്‍ 15962 വാര്‍ഡുകളാണ് ഉള്ളത് എങ്കില്‍ ബ്ലോക് പഞ്ചായത്തിലെ വാര്‍ഡുകള്‍ 2080 ആണ്. ജില്ലാ പഞ്ചായത്തില്‍ 331 ഉം.

കേരളത്തില്‍ ആകെയുള്ള നഗരസഭകള്‍ 86. അതിലെ വാര്‍ഡുകള്‍ 3078. ആറ് കോര്‍പറേഷനുകളില്‍ ആകെയുള്ള വാര്‍ഡുകള്‍ 414.

ഇതില്‍ ഏറെ കൗതുകകരമായ കാര്യം കേരളത്തിലെ എല്ലാ കോണുകളും തെരഞ്ഞെടുപ്പ് ആവേശത്തില്‍ തിളച്ചു മറിയുമ്പോള്‍ അതൊന്നും ഇല്ലാത്ത ഒരു നഗരസഭയുണ്ട് സംസ്ഥാനത്ത്, കണ്ണൂരിലെ മട്ടന്നൂര്‍. 2022ലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക.

അതിന് കാരണം ഇങ്ങനെയാണ്; 1990ല്‍ ഇകെ നായനാര്‍ സര്‍ക്കാറാണ് മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയത്. 1991ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നഗരസഭയെ വീണ്ടും പഞ്ചായത്താക്കി മാറ്റി. നഗരസഭയ്ക്ക് വേണ്ട ഭൗതിക സാഹചര്യങ്ങളും വരുമാനവുമില്ല എന്നതായിരുന്നു കാരണം.

ഇതിനെതിരെ എല്‍ഡിഎഫ് കോടതിയെ സമീപിച്ചു. കോടതി സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്തു. ഇതോടെ ആറു വര്‍ഷം മട്ടന്നൂരില്‍ ഭരണസ്തംഭനമായി. 1997ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് മട്ടന്നൂരിനെ വീണ്ടും നഗരസഭയാക്കി. ഇതിന് ശേഷമാണ് ഇവിടെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. മറ്റൊരു തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുപ്പ് നടക്കാത്ത സമയത്ത്. പിന്നീട് ഇതുവരെ മട്ടന്നൂര്‍ കുറച്ചു ‘പിന്നിലാണ്’.

2022 സെപംബറിലാണ് നഗരസഭയിലെ തെരഞ്ഞെടുപ്പ് നടക്കുക. നഗരസഭയില്‍ എല്‍ഡിഎഫാണ് ഭരിച്ചു കൊണ്ടിരിക്കുന്നത്.