ബീഹാറില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മതിയായ സീറ്റ് നിഷേധിച്ചതിനാല്‍ മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സ്ഥാപകനുമായ ജിതന്‍ റാം മാഞ്ചി.
ബീഹാറിലെ മുംഗേറില്‍ ദളിത് വിഭാഗമായ ‘ഭുയാന്‍ മുഹ്‌സാര്‍’ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് കേന്ദ്ര സൂഷ്മ ചെറുകിട വ്യവസായ മന്ത്രിയുടെ പരസ്യ പ്രതികരണം. എന്‍.ഡി.എ തന്റെ പാര്‍ട്ടിയെ അവഗണിക്കുന്നുവെന്ന് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഡല്‍ഹിയിലും ജാര്‍ഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ബിന്‍ ഭയ് ന ഹോട്ട് പ്രീതി’ (ഭയം ആദരവ് ജനിപ്പിക്കുന്നു) എന്ന രാംചരിതമാനസിന്റെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട് ബീഹാറില്‍ തന്റെ കഴിവ് തെളിയിക്കേണ്ടതുണ്ടെന്ന് മാഞ്ചി പറഞ്ഞു. മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടിവരുമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാഞ്ചി രാഷ്ട്രീയ വൃത്തങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ മത്സരിക്കാനാണ് ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത് എന്നാല്‍ 20 സീറ്റിലെങ്കിലും മത്സരിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്,’ മാഞ്ചി പറഞ്ഞു
പാട്‌നയിലെ ഗാന്ധി മൈതാനിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മേളനത്തോടെ ബീഹാറില്‍ പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുള്ള പദ്ധതികള്‍ മാഞ്ചി പ്രഖ്യാപിച്ചു. ‘ഞങ്ങളെ വിലകുറച്ച് കാണരുത്, ഞങ്ങള്‍ ശക്തി കാണിക്കും,’ കേന്ദ്രമന്ത്രി പറഞ്ഞു.