കണ്ണൂര്‍: ഭക്ഷ്യ വസ്തുക്കളില്‍ വിഷം ചേരുമ്പോഴും ജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം പിന്നോട്ട് തന്നെ. പരിശോധന നടപടികളില്‍ ഗൗരവം ചോരുന്നു. സംസ്ഥാനത്ത് മത്സ്യങ്ങളില്‍ ഫോര്‍മാലിനും വെളിച്ചെണ്ണ, കറിപൊടി എന്നിവയില്‍ ഉള്‍പ്പെടെ മായം കണ്ടെത്തിയിട്ടും കൃത്യമായ പരിശോധന ഇല്ലാത്തതാണ് ഭക്ഷ്യ സുരക്ഷാ കാര്യത്തില്‍ സംസ്ഥാനത്തെ പിന്നോട്ടടുപ്പിക്കുന്നത്. മത്സ്യത്തില്‍ ഫോര്‍മാലിനൊപ്പം അമോണിയയും കോഴിയിറച്ചിയില്‍ ആന്റിബയോട്ടികും കറിപൊടിയിലും പഴങ്ങളിലും കീടനാശിനി പ്രയോഗവും വ്യാപകമായിട്ടും ഗൗരവകരമായ പരിശോധന നടക്കാത്തത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
ഭക്ഷ്യ വസ്തുക്കളിലെ മായവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ മാത്രമാണ് പരിശോധന നടക്കുന്നത്. അല്ലാത്ത സമയങ്ങളില്‍ പരിശോധനകള്‍ നടക്കാറില്ലെന്നാണ് സമീപകാല സംഭവങ്ങളില്‍ നിന്നു വ്യക്തം. മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ പരിശോധന പലയിടത്തും നിലച്ച മട്ടാണ്. പല ജില്ലകളിലും ഭക്ഷ്യ വസ്തുക്കളിലെ മായവും രാസ പ്രയോഗവും കണ്ടെത്താന്‍ ആവശ്യമായ സൗകര്യങ്ങളില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരാധീനതയാണ് ചൂണ്ടിക്കാണിക്കുന്നത്.
കുറഞ്ഞ ചെലവില്‍ മത്സ്യത്തിലെ വിഷ പ്രയോഗം കണ്ടെത്താന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി തയ്യാറാക്കിയ സിഫ്ട് സ്ട്രിപ്പ് കിറ്റുകള്‍ ഇതുവരെ ജനങ്ങളിലേക്കെത്തിയിട്ടില്ല. ഇതേകുറിച്ച് അന്വേഷിച്ചാല്‍ ഉടന്‍ എത്തുമെന്നാണ് മറുപടി. ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ മാസം അവസാനം നടത്തിയ പരിശോധനയില്‍ കറിപൊടിയില്‍ കീടനാശിനി ചേരുന്നുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സ്ഥിരീകരിക്കാന്‍ മൈസൂറിലെ കേന്ദ്ര ലാബിലേക്കാണ് സാമ്പിള്‍ അയച്ചത്.
എന്നാല്‍ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഫലം എത്തുമ്പോള്‍ മറ്റൊരു ബ്രാന്റില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുമെന്നതാണ് സ്ഥിതി. ഭക്ഷ്യ വസ്തുക്കളിലെ മായം പരിശോധിക്കാന്‍ സംസ്ഥാനത്ത് മൂന്ന് റീജിയണല്‍ അനലറ്റിക്കല്‍ ലാബുകള്‍ മാത്രമാണുള്ളത്. പത്തനംതിട്ടയില്‍ ഫുഡ് ടെസ്റ്റിംഗ് ലാബുമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും എത്തുന്ന ഭക്ഷണ സാമ്പിളുകള്‍ യഥാസമയം പരിശോധിച്ച് ഫലം നല്‍കാന്‍ പലപ്പോഴും സാധിക്കാറില്ല. മൂന്ന് മൊബൈല്‍ ലാബുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. തട്ടുകടകളിലും കാര്യക്ഷമമായ പരിശോധന നടക്കാറില്ലെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ജീവനക്കാരുടെ ക്ഷാമവും വാഹനം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയുമാണ് കാരണമായി പറയുന്നത്. തട്ടുകട വിഭവങ്ങളിലും കാന്‍സര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്കു കാരണമാകുന്ന നിറങ്ങളും രുചികൂട്ടാന്‍ അജിനോമോട്ടോയും വരെ ചേര്‍ക്കുന്നുണ്ട്. ചുട്ടെടുക്കാന്‍ ഉപയോഗിക്കുന്ന എണ്ണ ആഴ്ചകളോളം പഴക്കമുള്ളതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അന്തരീക്ഷ മാലിന്യം ചേരുന്ന രീതിയിലാണ് തുറന്ന സ്ഥലങ്ങളില്‍ ഭക്ഷണം തയ്യാറാക്കുന്നതും വില്‍പ്പനക്ക് വെക്കുന്നതും. പല തട്ടുകടകളും പ്രവര്‍ത്തിക്കുന്നത് ചെറുകിട സംരംഭക ലൈസന്‍സ് ഇല്ലാതെയാണ്.