മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിന് പിഴയടപ്പിച്ച് യുവാവ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ റോഡിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തെ യുവാവ് റോഡില്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തിലെ ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ പിഴ അടപ്പിക്കുകയായിരുന്നു. കൊല്ലം ഓയൂര്‍ ജങ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
എം.വി.ഡി ഉദ്യോഗസ്ഥരെ കണ്ട സമീപത്തെ കടയിലെ ജീവനക്കാരന്‍ പരിവാഹന്‍ സൈറ്റില്‍ കയറി സര്‍ക്കാര്‍ വാഹനത്തിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. ജനുവരി 25 കാലാവധി അവസാനിച്ച വണ്ടിയുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥരോട് ഈ വാഹനത്തിന് പിഴയീടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും 5000 രൂപയാണ് കഴിഞ്ഞ ദിവസം തന്നെ കൊണ്ട് അടപ്പിച്ചതെന്നും യുവാവ് പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ സര്‍ട്ടിഫിക്കറ്റ് എടുത്തോളാം എന്ന് പറഞ്ഞ് അവിടെ നിന്ന് പോകാന്‍ ശ്രമിച്ചെങ്കിലും വാഹനം തടഞ്ഞ് പിഴയടച്ചിട്ട് പോയാല്‍ മതിയെന്ന് നിര്‍ബന്ധം പിടിച്ചതോടെ ഉദ്യോഗസ്ഥര്‍ വഴങ്ങേണ്ടി വന്നു. ശേഷം 2000 രൂപ പിഴ ചലാന്‍ അടച്ചതായ ചലാന്‍ യുവാവിനെ ഫോണില്‍ കാണിച്ചാണ് ഉദ്യോഗസ്ഥര്‍ പോയത്.