സ്‌റ്റോക്ക്‌ഹോം : സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കന്‍ കവയിത്രി ലൂയീസ് ഗ്ലിക്കിനാണ് പുരസ്‌കാരം ലഭിച്ചത്. നേരത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2014ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡും സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ വിജയി ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍കെ ആയിരുന്നു.

ഈ വര്‍ഷത്തെ നാലാമത്തെ നൊബേല്‍ സമ്മാന പ്രഖ്യാപനമാണ് ഇന്ന് നടന്നത്. നേരത്തെ ഒക്ടോബര്‍ അഞ്ചിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം, ഒക്ടോബര്‍ ആറിന് ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം, ഒക്ടോബര്‍ ഏഴിന് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം എന്നിവ പ്രഖ്യാപിച്ചിരുന്നു.വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേരാണ് നേടിയത്. അമേരിക്കന്‍ ഗവേഷകര്‍ ഹാര്‍വി ജെ ഓള്‍ട്ടര്‍, ചാള്‍സ്! എം റൈസ് എന്നിവരും ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ മൈക്കിള്‍ ഹൗട്ടനും പുരസ്!കാരം പങ്കിട്ടു. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിനാണ് സമ്മാനം.

ഫിസിക്‌സ് നൊബേല്‍ സമ്മാനം റോജര്‍ പെന്റോസ്, റെയ്ന്‍ഹാര്‍ഡ് ഗെന്‍സെല്‍, ആന്‍ഡ്രിയ ഗെസ് എന്നിവരാണ് നേടിയത്. ബ്രിട്ടണിലെ ഓക്‌സ്ഫഡ് സര്‍വകലാശാല ഗവേഷകനാണ് റോജര്‍ പെന്റോസ്. റെയ്ന്‍ഹാര്‍ഡ് ഗെന്‍സെല്‍ ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്ര്യൂട്ട്, അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്കിലി എന്നിവിടങ്ങളിലായി ഗവേഷണം നടത്തുകയാണ്. അമേരിക്കയിലെ തന്നെ യുസിഎല്‍എ സര്‍വകലാശാലയിലെ ഗവേഷകയാണ് ആന്‍ഡ്രിയ ഗെസ്. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ക്കാണ് മൂന്നുപേര്‍ക്കും നൊബേല്‍ സമ്മാനം ലഭിച്ചത്.

ഇമാനുവെല്‍ ഷാര്‍പെന്റിയെ, ജെന്നിഫര്‍ ഡൗന എന്നിവര്‍ക്കാണ് രസതന്ത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ജീനോം എഡിറ്റിങ്ങിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്‌കാരം. ജനിതക എഡിറ്റിങ്ങിന് സഹായിക്കുന്ന ഒരു ശാസ്ത്ര ഉപാധി കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിച്ചത്.