ചന്ദ്രനില്‍ നിന്ന് വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ ആകുമോ? ഭാഗ്യമുണ്ടെങ്കില്‍ ഒരുപക്ഷേ അതും സാധ്യമാകും. അതിനുള്ള തയ്യാറെടുപ്പിലാണ് അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സിയായ നാസ.

ചുമ്മാ പറയുന്നതല്ല, ചന്ദ്രനില്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനുള്ള കരാര്‍ വരെ നാസ കൊടുത്തു കഴിഞ്ഞു. വിഖ്യാത മൊബൈല്‍ നെറ്റ്‌വര്‍ക്കിങ് കമ്പനിയായ നോക്കിയയെയാണ് നാസ ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

2024ഓടു കൂടി മനുഷ്യനെ ചന്ദ്രനിലെത്തിച്ച് ദീര്‍ഘകാലം അവിടെ താമസിപ്പിക്കാനാണ് നാസ പദ്ധതിയിടുന്നത്. ഇതിനായി ആര്‍ടെമിസ് എന്ന പദ്ധതിയും ബഹിരാകാശ ഏജന്‍സി തയ്യാറാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയ, കനഡ, ഇറ്റലി, ലക്‌സംബര്‍ഗ്, യുഎഇ, ബ്രിട്ടന്‍, യുഎസ് എന്നീ രാഷ്ട്രങ്ങളാണ് പദ്ധതിയിലെ പങ്കാളികള്‍. ആര്‍ട്ടമിസ് അക്കോഡ് എന്ന കരാറും രാഷ്ട്രങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്.

മനുഷ്യന്‍ അവിടെ എത്തുന്നതോടു കൂടി അവര്‍ക്ക് ഭൂമിയുമായി ബന്ധപ്പെടാന്‍ ആശയവിനിയമയ സംവിധാനം ഒരുക്കുകയാണ് നാസ ലക്ഷ്യമിടുന്നത്.

ഈ യമണ്ടന്‍ ഐഡിയയ്ക്ക് നാസ നോക്കിയയെ ചുമ്മാതങ്ങ് ഏല്‍പ്പിച്ചതല്ല. ബഹിരാകാശത്ത് വയര്‍ലസ് ബ്രോഡ്ബാന്‍ഡ് കമ്യൂണിക്കേഷന്‍ നടത്താനുള്ള പദ്ധതി ചെയ്തു കൊണ്ടിരിക്കുകയാണ് ഈ ഫിന്നിഷ് കമ്പനിയിപ്പോള്‍.

ടെക്‌സാസ് ആസ്ഥാനമായ സ്‌പേസ് ക്രാഫ്റ്റ് ഡിസൈനിങ് കമ്പനി ഇന്റ്യൂട്ടീവ് മെഷീന്‍സ് ആണ് ഉപകരണങ്ങള്‍ ചന്ദ്രനിലെത്തിക്കുക. സ്വയം കോണ്‍ഫിഗര്‍ ചെയ്യുന്ന കമ്യൂണിക്കേഷന്‍ സംവിധാനമാണ് ആലോചനയുള്ളത്. ഇപ്പോള്‍ 4ജി ആണെങ്കിലും പിന്നീടത് 5ജി ആയി മാറുമെന്നും നോക്കിയ പറയുന്നു.

ബഹിരാകാശ ഗവേഷകര്‍ക്ക് വോയ്‌സ്, വീഡിയോ ആശയവിനിമയ സംവിധാനങ്ങള്‍, ബയോമെട്രിക് ഡാറ്റ എക്‌സ്‌ചേഞ്ച്, റോബോട്ടിക് ഉപകരണങ്ങളുടെ നിയന്ത്രണം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും.