അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെ ഹര്‍ദിക് പട്ടേലി നെതിരെ ജാമ്യമില്ലാ വാറണ്ട്. ഗുജറാത്തിലെ പട്ടീദാര്‍ സംവരണ പ്രക്ഷോഭകാലത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസ് തകര്‍ത്ത കേസിലാണ് വിശാല്‍ നഗറിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

2015 ലെ പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നടത്തിയ പ്രക്ഷോഭത്തിനിടെ ബി.ജെ.പി എം.എല്‍.എ ഋഷികേശ് പട്ടേലിന്റെ ഓഫീസ് തകര്‍ത്തുവെന്നാണ് കേസ്. ലാല്‍ജി പട്ടേല്‍ ഉള്‍പ്പെടെയുള്ള മറ്റ് പട്ടീദാര്‍ നേതാക്കള്‍ക്കെതിരേയും വാറണ്ടുണ്ട്. 2016 ല്‍ ഇതേ എം.എല്‍.എയുടെ കാറിനു നേരേ കല്ലേറുമുണ്ടായി.

കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലില്‍ നിന്ന് ഹര്‍ദിക് പട്ടേല്‍ പുറത്തുവരുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. എന്നാല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഹര്‍ദിക് പട്ടേല്‍ തള്ളിയിരുന്നു.

അതേ സമയം ഗുജറാത്തില്‍ ഒമ്പതിനും 14നുമാണ് തിരഞ്ഞെടുപ്പ്. 22 വര്‍ഷം മുമ്പ് അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരിച്ചുവരവിനുള്ള കഠിന പ്രയത്നത്തിലാണ്. അതിനിടെയാണ് സംസ്ഥാനം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭ നായകനുമായുള്ള ധാരണയേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നത്.

ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന നേതാവാണ് പട്ടേല്‍. എന്ത് വില കൊടുത്തും ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ഹാര്‍ദിക്ക് പ്രഖ്യാപിച്ചിരുന്നു.

ഗുജറാത്തില്‍ രണ്ട് ഘട്ടമായാണ് വോട്ടടുപ്പ്. ഡിസംബര്‍ 9 ന് നടക്കുന്ന ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങള്‍ വിധി എഴുതും. രണ്ടാം ഘട്ടം ഡിസംബര്‍ 14ന്. 93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനമുണ്ടാകും. 4.33 കോടി വോട്ടര്‍മാര്‍ക്കായി 50128 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.