ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടി കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമൊരുക്കിയതായി മുന്‍ ആര്‍ബിഐ ഗവര്‍ണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്‍. നിരോധിക്കപ്പെട്ട 500,1000 രൂപാ നോട്ടുകളില്‍ 99 ശതമാനം തിരികെയെത്തിയതായി റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കള്ളപ്പണം കൈവശം വെച്ചിരുന്നവര്‍ക്ക് പണം നിയമവിധേയമാക്കാനും പലിശ ലഭിക്കാനുമുള്ള അവസരമുണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപടി പതിനായിരത്തലധികം കോടി രൂപ റിസര്‍വ്വ് ബാങ്കിന് നഷ്ടം വരുത്തിയതായും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അസാധുവാക്കല്‍ പ്രാബല്യത്തില്‍ വന്ന നവംബര്‍ എട്ടു മുതല്‍ നിയന്ത്രിക്കാനാകാത്ത അളവില്‍ പണം ബാങ്കിങ് മേഖലയിലേക്ക് തിരികെയെത്തി. ഈ പണം ബാങ്കുകളും റിസര്‍വ്വ് ബാങ്കും തമ്മിലുളള ക്രയവിക്രയത്തില്‍ ഉള്‍പെട്ടു. റിവേഴ്‌സ് റീപ്പോ ഇനത്തില്‍ പതിനായിരത്തിലധികം കോടി രൂപ ഇതുമൂലം ബാങ്കുകള്‍ക്ക് റിസര്‍വ്വ് നല്‍കേണ്ടി വരികയാണെന്നും രഘുറാം രാജന്‍ വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നാല് ലക്ഷം കോടിയിലധികം കള്ളപ്പണം സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്നെന്നായിരുന്നു നോട്ട് നിരോധനത്തിന്റെ മുമ്പത്തെ കണക്കുകള്‍. ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടാതെ ആളുകളുടെ കൈവശമിരുന്ന ഈ പണത്തിന് പലിശ ലഭിച്ചിരുന്നില്ല. എന്നാല്‍ അത് നിയമവിധേയമാകുകയും ബാങ്കുകളില്‍ എത്തുകയും ചെയ്തതോടെ കളളപ്പണത്തിന് പലിശ ലഭിച്ചു തുടങ്ങി. 24,000 കോടിയുടെ അധികബാധ്യത ഒരു വര്‍ഷമുണ്ടായേക്കുമെന്നും രഘുറാം രാജന്‍ പറഞ്ഞു.
കണക്കില്‍ പെടാത്ത കള്ളപ്പണം തിരികെവരില്ലെന്ന കണക്കു കൂട്ടല്‍ തെറ്റിയെന്നും അദ്ദേഹം രാജന്‍ ചൂണ്ടിക്കാട്ടി. തിരികെ എത്താതിരുന്നെങ്കില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക വകയിരുത്താന്‍ സാധിച്ചേനെ. എന്നാല്‍ സംഭവിച്ചത് അങ്ങനെല്ലെന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.