ന്യൂഡല്‍ഹി: വന്‍ വ്യവസായികളായ അംബാനിയും അദാനിയും രാജ്യത്തെ നോട്ട് നിരോധനം നേരത്തെ അറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ബിജെപി എംഎല്‍എ രംഗത്ത്. രാജസ്ഥാനിലെ കോട്ട എംഎല്‍എ ഭവാനി സിങ്ങിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്. വീഡിയോയില്‍ സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നുണ്ട് ഭവാനി സിങ്ങ്.

നോട്ട് നിരോധിക്കുന്നതിനു മുമ്പുതന്നെ ജനങ്ങള്‍ക്ക് വേണ്ടവിധത്തില്‍ സമയം അനുവദിക്കണമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നോട്ട് നിരോധനം നേരത്തെ അറിഞ്ഞവരാണ് അംബാനിമാരും അദാനിമാരുമെന്നും എംഎല്‍എ വീഡിയോയില്‍ പറയുന്നുണ്ട്. നേരത്തെയും പല വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയ നേതാവാണ് ഭവാനിസിങ്ങ്. അതേസമയം, നോട്ട് നിരോധനം ഇന്ന് ഒന്‍പതാംദിവസം തുടരുമ്പോഴും രാജ്യത്തുള്ള നോട്ട് പ്രതിസന്ധിക്ക് അയവൊന്നുമില്ല.

ഇന്ന് മുതല്‍ സംസ്ഥാനത്തും നോട്ട് മാറ്റിയെടുക്കുന്നവര്‍ക്ക് വിരലില്‍ മഷി പുരട്ടാന്‍ തുടങ്ങി.