മലപ്പുറം: മുസ്‌ലിം ലീഗിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവിശേഷ സ്ഥാനമുണ്ടെന്നും ന്യൂനപക്ഷ, മുസ്‌ലിം രാഷ്ട്രീയം സ്വതന്ത്രമായി കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയാണ് ലീഗെന്നും പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ലീഗിനെ തുടര്‍ച്ചയായി പരാമര്‍ശിക്കുന്നതിലൂടെ ആഗോളതലത്തില്‍ ഉയര്‍ന്ന വലതുപക്ഷ രാഷ്ട്രീയത്തെയും അതിന്റെ കൂടപ്പിറപ്പായ ഈസ്ലാം പേടിയെയുമാണ് എല്‍.ഡി.എഫ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ദിനപത്രത്തിലെ ലേഖനത്തിലാണ് എന്‍.എസ് മാധവന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഇസ്ലാമോഫോബിയ ആഗോള വലതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വഭാവമാണ്. കേരളത്തില്‍ എല്‍.ഡി.എഫ് പിന്തുടരുന്നത് ഈ രാഷ്ട്രീയമാണ്. എല്‍.ഡി.എഫ് കൂടുതല്‍ ലാക്കാക്കുന്നതും ലീഗിനെയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യു.ഡി.എഫിന്റെ ഇണക്കം പെരുപ്പിച്ച് കാട്ടിയത് തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങളെ സഹായിച്ചുവെന്നാണ് അവരുടെ കണക്കുകൂട്ടല്‍. കേരളത്തില്‍ നാമമാത്ര സാന്നിധ്യം മാത്രമുള്ള ഈ സംഘടനകളെ പെരുപ്പിക്കുന്നതിലൂടെ ലീഗിനെ തന്നെയാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്. ഭരണനേട്ടങ്ങളും അഴിമതിയുമൊക്കെ ഉയര്‍ത്തിയുള്ള പരമ്പരാഗത പോരാട്ടത്തെ പിന്നോട്ടുതള്ളി തെരഞ്ഞെടുപ്പില്‍ ജാതിയും മതവും അരങ്ങു നിറയുന്നതായും അദ്ദേഹം പറഞ്ഞു.