ചങ്ങനാശേരി: സംസ്ഥാനത്തെ ഹൈസ്‌കൂള്‍,ഹയര്‍സെക്കന്‍ഡറി വിഭാഗം ഏകീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ എന്‍.എസ്.എസ് രംഗത്ത്. പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും ഇതിനെ നിയമത്തിന്റെ വഴിയിലൂടെയും അല്ലാതെയും നേരിടുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എയിഡഡ് മേഖലയുടെ നടത്തിപ്പില്‍ ഭരണപരമായും രാഷ്ട്രീയമായും കൂടുതല്‍ ആധിപത്യം ഉണ്ടാക്കുവാനുള്ള ഗൂഢ ലക്ഷ്യം ഇതിന് പിന്നിലില്ല എന്ന് സര്‍ക്കാരിന് പറയാനാകുമോ എന്ന് കുറിപ്പില്‍ എന്‍.എസ്.എസ് ചോദിച്ചു.

ഈ തെറ്റായ നീക്കത്തെ നിയമപരമായും അല്ലാതെയും നേരിടേണ്ട ബാദ്ധ്യത പതിറ്റാണ്ടുകളായി പൊതു വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉണ്ടെന്നും അവരോടൊപ്പം ഇക്കാര്യത്തില്‍ എന്‍.എസ്.എസ് ഉണ്ടാവുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കുന്നു.