ചെന്നൈ: തമിഴ്‌നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി. നിലവില്‍ പ്രതിമാസം 55,000 രൂപയുണ്ടായിരുന്നത് 1.5 ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയിലാണ് പ്രഖ്യാപനം നടത്തിയത്. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് കോടിയില്‍ നിന്നും 2.5 കോടിയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ ദുരിതത്തിലാകുകയും പ്രക്ഷോഭം നടത്തുകയും ചെയ്യുന്ന അവസരത്തില്‍ എംഎല്‍എമാരുടെ ശമ്പള വര്‍ദ്ധനവ് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ ദുരിതങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് ഇത് പിന്‍വലിച്ചത്. കേന്ദ്രസര്‍ക്കാരില്‍ നിന്നു നഷ്ടപരിഹാരം വാങ്ങിത്തരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും എന്നാല്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കുകയായിരുന്നു എന്നും കര്‍ഷക സമിതി നേതാവ് പി. അയ്യക്കന്നു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പളനിസാമി പറഞ്ഞിരുന്നു. എന്നാല്‍, കാര്‍ഷിക കടം എഴുതി തള്ളല്‍ മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു എന്നും അയ്യക്കന്നു പറഞ്ഞു.