ഡല്‍ഹി: കൊറോണ വൈറസിനേക്കാളും അപകടകാരിയാണ് ബിജെപിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്‍. മതത്തിന്റെ പേരില്‍ ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ച് കലാപം ഉണ്ടാക്കുകയാണ് അവരെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു.

കൊറോണയേക്കാളും അപകടകാരികളായ ചിലര്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ളതിനാല്‍ നിങ്ങളുടെ കാതുകളും കണ്ണുകളും തുറന്നുവയ്ക്കണമെന്ന് നുസ്രത്ത് ജഹാന്‍ പറഞ്ഞു. ‘ എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് ബിജെപിയാണ്. എന്തെന്നാല്‍ അവര്‍ക്ക് നമ്മുടെ സംസ്‌കാരമെന്താണെന്ന് അറിയില്ല. അവര്‍ക്ക് മനുഷ്യത്വം എന്താണെന്ന് മനസിലാകില്ല. നമ്മുടെ കഠിനാധ്വാനത്തിന്റെ മൂല്യം അവര്‍ക്ക് മനസിലാക്കില്ല.

ബിസിനസ് മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്. അവരുടെ കയ്യില്‍ ഒരുപാട് പണമുണ്ട്. അവരത് എല്ലായിടത്തും പ്രചരിപ്പിക്കുന്നു.’ ജഹാന്‍ പറഞ്ഞു. ബാഷിര്‍ഹത് മണ്ഡലത്തില്‍ നടന്ന ഒരു രക്തദാനച്ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അവരുടെ പരാമര്‍ശം.

എന്നാല്‍ നുസ്രത്തിന്റെ പരാമര്‍ശത്തിനു പിന്നാലെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പ്രീണനരാഷ്ട്രീയമാണ് അവര്‍ നടത്തുന്നതെന്ന് ബിജെപിയുടെ സമൂഹമാധ്യമ തലവനും ബംഗാള്‍ തെരഞ്ഞെടുപ്പ് കോകണ്‍വീനറുമായ അമിത് മാളവ്യ ആരോപിച്ചു.