കേരളത്തെ നടുക്കിയ ഓഖി ചുഴലിക്കാറ്റ് ദുരന്തം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാരിന്റെ അവ്യക്തത തുടരുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് 52 പേരാണ് മരിച്ചതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് പറയുമ്പോള്‍ 60 പേര്‍ മരിച്ചെന്നാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മറുപടി. ദുരന്ത ബാധിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സഹായമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കുമായി ലഭിച്ച 237.21 കോടിയോളം രൂപയില്‍ പകുതി പോലും ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലുള്ള മറുപടി രേഖകളില്‍ വ്യക്തമാകുന്നു.

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ 52 മത്സ്യ തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ടെന്നും 91 പേരെ കാണാതായെന്നുമാണ് ഫിഷറീസ് ഡയറക്ടറേറ്റിലെ വിവരാവകാശ ഓഫീസറുടെ മറുപടി. മരിച്ചവരില്‍ ഒരാള്‍ കാസര്‍ക്കോട് സ്വദേശിയും ബാക്കിയുള്ളവര്‍ തിരുവനന്തപുരം സ്വദേശികളുമാണ്. തിരുവന്തപുരം സ്വദേശികളാണ് കാണാതായവരെല്ലാം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ട പരിഹാരമായി നല്‍കി. ദുരിത ബാധിതരെ സഹായിക്കാന്‍ ഫിഷറീസ് വകുപ്പ് സംഭാവനയൊന്നും സ്വീകരിച്ചില്ല. എന്നാല്‍ പൂര്‍ണമായും നാശ നഷ്ടം സംഭവിച്ച മത്സ്യ ബന്ധന യാനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നഷ്ടം കണക്കാക്കി 3.08 കോടി രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ഇത് ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണ്. പരിക്ക് പറ്റിയ മത്സ്യ തൊഴിലാളികള്‍ക്കായി 8.68 രൂപ മത്സ്യ തൊഴിലാലി ക്ഷേമ നിധി ബോര്‍ഡില്‍ നിന്ന് നല്‍കിയിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ ഓഖി ദുരിത ബാധിതര്‍ക്കുള്ള നഷ്ട പരിഹാരമായി വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ എത്ര തുക നല്‍കിയെന്നതിനെ കുറിച്ചും എത്ര തുക ചെലവഴിച്ചു എന്നതിനെ കുറിച്ചും ഫിഷറീസ് വകുപ്പിന് ധാരണയില്ല.
സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ രേഖകള്‍ പ്രകാരം 60 പേരാണ് ഓഖി ദുരന്തത്തില്‍ മരിച്ചത്. തിരുവനന്തപുരം-54, കൊല്ലം-2, എറണാകുളം-2, കണ്ണൂര്‍-1, കാസര്‍ക്കോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കേന്ദ്ര പ്രതികരണ നിധിയില്‍ നിന്ന് 133 കോടി രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 116 ലക്ഷം രൂപയുമാണ് കേരളത്തിന് ലഭിച്ചത്. ഇതിന് പുറമെ 2018 മാര്‍ച്ച് 24 വരെ 103.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് സംഭാവനയായും ലഭിച്ചു.

കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ സബ്മിഷന് മറുപടിയായി നല്‍കിയ രേഖകള്‍ പ്രകാരം 38.33 കോടി രൂപ മാത്രമാണ് ഓഖി ദുരന്ത നിവാരണത്തിനായി ചെലവഴിച്ചിട്ടുള്ളത്. ഇതില്‍ 18.44 കോടി രൂപയും തിരുവനന്തപുരം ജില്ലയിലാണ് ചെലവഴിച്ചത്. എന്നാല്‍ മാര്‍ച്ച് 24 വരെ ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 25.09 കോടി രൂപ മാത്രമാണ് വിവിധ ജില്ലകള്‍ക്കായി അനുവദിച്ചതെന്നാണ് ധനകാര്യ വകുപ്പിന്റെ വിവരാവകാശ മറുപടി രേഖയില്‍ പറയുന്നത്. കേന്ദ്ര പ്രതികരണ നിധിയില്‍ നിന്ന് ലഭിച്ച 133 കോടി സംസ്ഥാന പ്രതികരണ നിധിയിലേക്കാണ് വകയിരുത്തിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധി മാനദണ്ഢ പ്രകാരമാണ് ഈ തുക വിനിയോഗിക്കേണ്ടത്. സാമ്പത്തിക വര്‍ഷം അവസാനിച്ചതിനാല്‍ ഈ തുക ധനകാര്യ വകുപ്പിന് സറണ്ടര്‍ ചെയ്തതെന്നും ധനകാര്യ വകുപ്പിന്റെ രേഖകളില്‍ വ്യക്തമാണ്. ഓഖി ദുരന്തത്തിനിരയാവരെ സഹായിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്ന് ലത്തീന്‍ കത്തോലിക്ക സഭ നേരത്തെ ആരോപിച്ചിരുന്നു. പണം ചെലവഴിച്ചതില്‍ സംശയമുണ്ടെന്നും സോഷ്യല്‍ ഓഡിറ്റ് വേണമെന്നും സഭ നേതൃത്വം ആവശ്യമുയര്‍ത്തിയിരുന്നു.