ഭുവനേശ്വര്‍: നോട്ടുകളുടെ ക്ഷാമം രൂക്ഷമാകുന്നതിനിടെ ഒഡീഷയില്‍ ബാങ്ക് കൊള്ള. ദെന്‍കാനലിലെ ബാങ്കില്‍ നിന്ന് അസാധുവാക്കപ്പെട്ട 1.15 കോടി രൂപയുടെ നോട്ടുകള്‍ കവര്‍ന്നു. ഗ്രാമ്യ ബാങ്കിലാണ് സംഭവം. രണ്ടു ദിവസത്തെ അവധിക്കു ശേഷം തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് സ്‌ട്രോങ് റൂമിലെ പണം സൂക്ഷിച്ച പെട്ടി കുത്തിതുറന്ന നിലയില്‍ കണ്ടെത്തിയത്. അസാധുവായ നോട്ടുകള്‍ സ്‌ട്രോങ് റൂമില്‍ നാലു ഇരുമ്പു പെട്ടികളിലായാണ് സൂക്ഷിച്ചിരുന്നത്.
8.85 കോടിയോളം സൂക്ഷിച്ചിരുന്നെങ്കിലും 1.15 കോടി മാത്രമാണ് മോഷ്ടിക്കപ്പെട്ടത്. ബാങ്കുമായി ബന്ധമുള്ളവരാകാം സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമികനിഗമനം. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ബാങ്കില്‍ നിന്നു മൂന്നു ലക്ഷം രൂപയുടെ മോഷണം നടന്നിരുന്നു.