ഹൈദരാബാദ്: തട്ടിപ്പു നടക്കുമോ എന്ന പേടിയില്‍ നൂറു രൂപയുടെ പെട്രോളിന് പകരം 110ന് അടിക്കുന്ന ശീലമുണ്ട് പലര്‍ക്കും. പെട്രോള്‍ പമ്പിലെ തട്ടിപ്പ് ഏതു വഴി നടക്കും എന്ന് ഒരു പിടിത്തവുമില്ലാത്ത സ്ഥിതിയിലാണ് ഈ ഒരു ‘മുന്‍കരുതല്‍’. ഈ മുന്‍കരുതലിന് പിന്നിലെ പേടിയില്‍ അല്‍പ്പം കാര്യമുണ്ട് എന്ന് തെളിയിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമാണ് സംഭവം. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് പെട്രോളിന്റെയും ഡീസലിന്റെയും അളവില്‍ കൃത്രിമം കാണിച്ച തട്ടിപ്പാണ് ഇപ്പോള്‍ വെളിച്ചത്തു വന്നിരിക്കുന്നത്. ഇങ്ങനെ വെട്ടിപ്പു നടത്തിയ 33 പമ്പുകളാണ് അധികൃതര്‍ പൂട്ടിയത്.

തട്ടിപ്പിങ്ങനെയാണ്;
ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ അടിക്കുമ്പോള്‍ 970 മില്ലി ലിറ്റര്‍ മാത്രം ടാങ്കിലേക്ക് എത്തുന്ന രീതിയില്‍ ചിപ്പ് പ്രവര്‍ത്തിപ്പിക്കും. ഡിസ്‌പ്ലെ ബോര്‍ഡില്‍ ഉപഭോക്താവ് ആവശ്യപ്പെട്ട അളവ് തന്നെ രേഖപ്പെടുത്തുമെങ്കിലും വാഹനത്തില്‍ കുറഞ്ഞ അളവിലേ ഇന്ധനമെത്തൂ. 80000 മുതല്‍ 1,20,000 രൂപ വരെ ചെലവാക്കിയാണ് പമ്പ് ഉടമകള്‍ ചിപ്പ് ഘടിപ്പിച്ചത്. വാഹനങ്ങളില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ അളവിലാണ് കൃത്രിമത്വം കാണിക്കുന്നത്. കുപ്പികളില്‍ വാങ്ങുന്നവര്‍ക്ക് കൃത്യം അളവില്‍ തന്നെ നല്‍കി. അങ്ങനെ തട്ടിപ്പ് മറച്ചുവെക്കാന്‍ കഴിഞ്ഞു എന്നാണ് പൊലീസ് പറയുന്നത്.

വെട്ടിപ്പിന് പിന്നില്‍ അന്തര്‍ സംസ്ഥാന ഗ്യാങ് തന്നെയുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പൂട്ടിയ പമ്പുകളില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെയും എസ്സാറിന്റെയും പമ്പുകളുണ്ട്. തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും 9 പെട്രോള്‍ പമ്പ് ഉടമകളെയും അറസ്റ്റ് ചെയ്‌തെന്ന് സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ അറിയിച്ചു. സുഭാനി ബാഷ എന്നയാളില്‍ നിന്ന് 14 ചിപ്പുകളും ജിബിആര്‍ കേബിളുകളും മദര്‍ബോര്‍ഡും പിടികൂടി.