തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ ‘ഇന്ത്യയിലെ അപകടമരണങ്ങളും ആത്മഹത്യയും 2019’ എന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

2019ല്‍ കേരളത്തില്‍ തൊഴില്‍രഹിതരായ 1,963 പേരാണ് ജീവനൊടുക്കിയത്. ഇന്ത്യയൊട്ടാകെ ആത്മഹത്യ ചെയ്ത തൊഴില്‍രഹിതര്‍ 14,019. കേരളത്തില്‍ തൊഴില്‍രഹിതരുടെ ആത്മഹത്യാനിരക്ക് 14%. മഹാരാഷ്ട്ര 10.8%, തമിഴ്‌നാട് 9.8%, കര്‍ണാടക 9.2% തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.

ആറ്റുനോറ്റിരുന്ന പിഎസ്‌സി നിയമനം ലഭിക്കാതെ മനംനൊന്ത് കാരക്കോണം പുത്തന്‍വീട്ടില്‍ എസ് അനു ആത്മഹത്യ ചെയ്തപ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമാണ് എന്നു പറഞ്ഞ് സര്‍ക്കാരും പിഎസ് സിയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്ന യാഥാര്‍ത്ഥ്യമാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്.

അനുവിനെപ്പോലെ 1963 പേരെ ആത്മഹത്യയിലേക്ക് നയിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ അക്ഷന്തവ്യമായ വീഴ്ചകളുണ്ട്. തൊഴില്‍സാധ്യതകളെല്ലാം തീരെ മങ്ങിനില്‍ക്കുന്ന സാഹചര്യത്തില്‍ പിഎസ് സി ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ വിസമ്മതിച്ചത് ഒന്നാമത്തെ കാരണം.

പിഎസ് സി ലിസ്റ്റ് ഇല്ലാതെ വന്ന സാഹചര്യം ചൂഷണം ചെയ്ത് സ്വന്തക്കാരെയും ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും നിയമിച്ചത് മറ്റൊരു കാരണം. പുതിയ തൊഴിലവസരം ഉണ്ടാക്കുന്നതിലും ഉണ്ടായിരുന്നവ നിലനിര്‍ത്തുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കേരളത്തിനു പുറത്തും വിദേശത്തുമാണ് മലയാളികള്‍ തൊഴില്‍ കണ്ടെത്തിക്കൊണ്ടിരുന്നത്. അതിന്റെയും കൂമ്പടഞ്ഞു.

കേരളത്തിലെ എംപ്ലോയ്‌മെന്റെ എക്‌സ്‌ചേഞ്ചുകളില്‍ 43.3 ലക്ഷം തൊഴിലന്വേഷകരാണ് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനു കാത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക് (11.4%) കേരളത്തിലാണ്. അഖിലേന്ത്യാതലത്തില്‍ ഇത് 6.0% മാത്രം. സര്‍ക്കാരിന്റെ കയ്യിലുള്ള ഏതാനും തൊഴിലവസരങ്ങള്‍ മാത്രമാണ് 43.3 ലക്ഷം പേരുടെ മുന്നിലുള്ളത്. അത് അനര്‍ഹരിലേക്കു പോകുമ്പോള്‍ അര്‍ഹിക്കുന്നവര്‍ക്കു പൊള്ളുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.

പുതിയ പിഎസ് സി ലിസ്റ്റ് വരുന്നതുവരെ നാലരവര്‍ഷം വരെ ലിസ്റ്റ് നീട്ടി നല്കിയ ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. പിഎസ് സി ലിസ്റ്റ് ഉള്ളതുകൊണ്ട് അനധികൃതനിയമനങ്ങള്‍ തടയുന്നതില്‍ വിജയിക്കുകയും ചെയ്തു. ഇത്തരമൊരൂ അടിയന്തരമായ തീരുമാനമാണ് ഇടതുസര്‍ക്കാരില്‍ നിന്നും കേരളത്തിലെ 43.3 ലക്ഷം തൊഴില്‍രഹിതര്‍ പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.